മോദി രാജ്യം അപകടത്തിലാക്കി; രാഹുൽ പ്രതിപക്ഷത്ത് തിളങ്ങി; സ്വര പറയുന്നു

ആര്‍.എസ്.എസിന്റെ ഹിന്ദുത്വം ഭരണഘടനാവിരുദ്ധമായ ആശയമാണെന്ന് ബോളിവുഡ‍് നടി സ്വര ഭാസ്കര്‍. അഞ്ചുവര്‍ഷത്തെ മോദി ഭരണം രാജ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു. മരിച്ച നേതാക്കളെ വരെ ആക്രമിക്കുന്ന ബി.ജെ.പി നടപടി ശരിയല്ല. കേരളത്തിലെ വിമന്‍ ഇന്ന് സിനിമ കളക്ടീവ് ആണ് രാജ്യാന്തരതലത്തിലെ മീടു മൂവ്മെന്റിന്റെ തുടക്കമെന്നും സ്വര ഭാസ്കര്‍ മനോരമന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഒരു വോട്ടര്‍ എന്ന നിലയില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ് നടി സ്വര ഭാസ്കര്‍. ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് ഫാസിസ്റ്റ് സ്വഭാവം. നെഹ്റുവിന്റെയും രാജീവിന്റെയും ഭരണവിലയിരുത്തലാണ് ബി.ജെ.പി നടത്തുന്നത്. നെഹ്റു ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് എവിടെ? നെഹ്‍റുവിന്റെ മണ്ഡലം അറിഞ്ഞെങ്കില്‍ അദ്ദേഹത്തിന് വോട്ടുചെയ്യാമായിരുന്നു

പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകയായ സ്വര ഭാസ്കര്‍ രാഹുല്‍ഗാന്ധിയെ വിലയിരുത്തുന്നത് ഇങ്ങനെ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുലിന്റെ പ്രവര്‍ത്തനം മികച്ചത്. റഫാല്‍ വിഷയം പുറത്തുകൊണ്ടുവന്നു. തൊഴിലില്ലായ്മയുടെ നിരന്തരം ഉയര്‍ത്തിയത് വഴി ബി.ജെ.പിക്ക്  മറുപടി പറയേണ്ടിവന്നു. 

ചീഫ് ജസ്റ്റസിനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കപ്പെടണം. ജുഡീഷ്യറിയെ അതില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ളിയു.സി.സിക്ക് സമാനമായ സംഘടന ബോളിവുഡില്‍ വേണമെന്നും സ്വര പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനും പ്രമുഖ ബോളിവുഡ് ചലച്ചിത്രതാരം മറുപടി നല്‍കുന്നു.