സിപിഎമ്മിന് ജനങ്ങളോട് പറയാനുള്ളത്; കോടിയേരി ലൈൻ

ലോക്സഭാതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ആവശ്യമെങ്കില്‍ എം.എല്‍.എമാര്‍ സ്ഥാനാര്‍ഥികളാകുന്നത് പരിഗണിക്കേണ്ടി വരുമെന്ന്  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.എല്‍.എമാരെ മല്‍സരിപ്പിക്കില്ലെന്ന് സി.പി.എം തീരുമാനിച്ചിട്ടില്ലെന്ന് മനോരമന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കോടിയേരി വ്യക്തമാക്കി. എന്നാല്‍ മന്ത്രിമാര്‍ മല്‍സരിക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍ എന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ബി.ജെ.പിയുടെ ആരും ജയിക്കില്ല. എന്‍.എസ്.എസ്. സര്‍ക്കാര്‍ വിരുദ്ധ നിലപാട് മാറ്റേണ്ടിവരുമെന്നും കോടിയേരി പറ‍ഞ്ഞു.   

മൂന്നാറില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സബ് കലക്ടറെ അപമാനിച്ച നിലപാട് തെറ്റാണ്. ഹൈക്കോടതി നിര്‍ദേശം പാലിച്ച സബ്കലക്ടറുടെ നടപടിയില്‍ തെറ്റില്ല. മൂന്നാറില്‍‌ ഇടതുമുന്നണി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നും കോടിയേരി മനോരമന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

സി.പി.എം. ഓഫിസ് റെയ്ഡ് ചെയ്ത ഛൈത്ര തെരേസ ഐ.പി.എസിന്റെ നടപടി തെറ്റാണെങ്കിലും അച്ചടക്കനടപടി ഒഴിവാക്കിയതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുവ വനിതാ ഐ.പി.എസ് ഓഫിസര്‍ എന്ന പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ നടപടി ഒഴിവാക്കിയത്. സര്‍ക്കാരിന്റെ സദുദ്ദേശം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്നും കോടിയേരി മനോരമന്യൂസിനോടു പറഞ്ഞു.