നാദം നിലച്ചു

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കര്‍ വിടവാങ്ങി. വാഹന അപകടത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാലഭാസ്കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചത്. യൂണിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനുപേര്‍  അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.   ബാലഭാസ്കറിന്റ മകള്‍ തേജസ്വിനി അപകടദിവസം മരിച്ചിരുന്നു.

ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന തോന്നലുയര്‍ത്തിയിട്ടായിരുന്നു ബാലഭാസ്കറുടെ വിടവാങ്ങല്‍.  കാറപടകത്തില്‍പെട്ട് സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ബാലഭാസ്കറിന്റ ആരോഗ്യ നില കഴിഞ്ഞദിവസം നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ഹൃദയസ്തംഭനം പ്രതീക്ഷകളും പ്രാര്‍ഥനകളും വിഫലമാക്കി.  

മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് പൊതുദര്‍ശനത്തിനായി എത്തിച്ചത്. ആശുപത്രിയിലെത്തിയ സുഹൃത്തുക്കളില്‍ പലരും വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ പൊട്ടിക്കരഞ്ഞു.   

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്തിനടുത്ത് അപകടത്തില്‍പെട്ടത്. ബാലഭാസ്കറിനൊപ്പം മുന്‍സീറ്റിലിരുന്ന രണ്ടുവയസുകാരി മകള്‍ തേജസ്വിനി അന്നേദിവസം തന്നെ മരിച്ചു. ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ചികില്‍സയിലാണ്‌