രാഷ്ട്രീയം, സിനിമ, ജീവിതം, ജനം; കമല്‍ഹാസന്‍‌ പറയുന്നു

രാജ്യത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ആലോചനയിലെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍.പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിലപാടെടുക്കുമെന്ന് കമല്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി. മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടുക്കുന്നതും ആലോചനയിലാണ്. അത് ആരുമായി എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

‘അമ്മ’യോട് വിയോജിപ്പ് 

കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാൽ സത്യത്തിൽ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളിൽ സെൻസർഷിപ്പുണ്ട്. സർട്ടിഫിക്കറ്റ് മതി, കട്ടുകൾ വേണ്ട സിനിമയിൽ എന്നു ശ്യാം ബെനഗൽ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിർമാതാക്കൾക്കു നിർദേശം നല്‍കാനാണു സെൻസർഷിപ്പിനു താൽപര്യം. പക്ഷേ അതു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാൽ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തിൽ. അല്ലെങ്കില്‍ മുതിർന്നവർക്ക് എന്ന സർട്ടിഫിക്കറ്റ് മതി. കട്ടുകൾ വേണ്ട – മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ കമൽ ഹാസൻ വ്യക്തമാക്കി.

ദേശീയ വിരുദ്ധത എന്നത് എല്ലായിടത്തും കേൾക്കുന്നു. എന്നാൽ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതെല്ലാം അങ്ങനെയാവുകയാണ്. തമിഴ്‌നാട്ടിൽ അടുത്തിടെ കൊണ്ടു വന്ന സ്ഥലമേറ്റെടുക്കൽ നിയമം തന്നെ ഉദാഹരണം. ഒരു പൗരനെന്ന നിലയിലാണു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഏറ്റവും യോഗ്യനാണ് അക്കാര്യത്തിൽ ഞാനെന്നു കരുതുന്നില്ല. പക്ഷേ ജനങ്ങൾക്ക് ആവശ്യമുണ്ടെന്നു തോന്നിയതിനാലാണു താൻ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ജനങ്ങള്‍ക്കിടയിലേക്ക് അഭിനയവുമായി എത്താനാകില്ല. പക്ഷേ അവരുമായി ഇപ്പോൾ താദാത്മ്യം പ്രാപിക്കാനായി.

പിണറായി ഇഷ്ടം 

പിണറായി ഒരു അഭിനേതാവല്ല അതുകൊണ്ടാണ് അദ്ദേഹത്തോട് കൂടുതൽ സ്നേഹം. അതുമാത്രമല്ല, മറ്റു പലതുമുണ്ട് ആ അടുപ്പത്തിനു പിന്നിൽ. പലരും കാണുമ്പോൾ ചോദിക്കാറുണ്ട്– നിങ്ങൾ ലെഫ്റ്റാണല്ലേ? അല്ലാ, ഞാൻ ഇടതോ വലതോ അല്ല, നടുവിലാണ്. അതിനർഥം ഇങ്ങോട്ടും അങ്ങോട്ടും ഇല്ലെന്നല്ല. മികച്ചതു തിരഞ്ഞെടുക്കാൻ വേണ്ടിയാണ് ആ സ്ഥാനത്തു നിൽക്കുന്നത്. അവിടെ നിന്നാലറിയാം ഏതാണു ശരിയെന്നും തെറ്റെന്നും.

രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിലും ചിലർ സ്റ്റാർ ആകുമ്പോൾ സ്പെഷൽ ആണെന്നു തോന്നുന്നുണ്ട്. അതു ശരിയല്ല. ജനങ്ങള്‍ക്കാണു പ്രാധാന്യം നൽകേണ്ടത്. രാഷ്ട്രീയത്തിലും അങ്ങനെത്തന്നെ. പ്രായോഗിക രാഷ്ട്രീയത്തിൽ എന്റെ കയ്യിലെ എല്ലാ ആയുധങ്ങളും ഞാൻ ഉപയോഗിക്കുന്നുണ്ട്. മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഞാൻ ജനങ്ങളോടാണു സംസാരിക്കുന്നത്. 63 വയസ്സായി. എന്റെ കയ്യിലുള്ള സമയം കുറവാണ്. അത് ജനങ്ങൾക്കറിയാം. മക്കൾ നീതി മയ്യത്തിലുള്ളവർക്കും അതറിയാം. – കമൽ പറഞ്ഞു..