ലൈംഗിക സുഖം ദൈവികദാനം; ആസക്തി ബന്ധങ്ങളെ തകര്‍ക്കുന്നു; മാര്‍പാപ്പ

ലൈംഗിക സുഖം ദൈവികമായ ദാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്ഷമയോടും അച്ചടക്കത്തോടും കൂടെയാവണം അതെന്നും അദ്ദേഹം തന്‍റെ പ്രഭാഷണത്തില്‍ പറഞ്ഞു. ബന്ധങ്ങളില്ലാതെ ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നത് ആസക്തിയിലേക്ക് നയിക്കുമെന്നും അശ്ലീലചിത്രങ്ങളെ കുറിച്ച് മുന്നിറിയിപ്പും നല്‍കി. ആസക്തി വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുന്നതാണെന്നും ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത് സത്യമാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ചതായി ആരംഭിക്കുന്ന പലബന്ധങ്ങളും ഒടുവില്‍ വിഷലിപ്തമായി അവസാനിക്കുന്നതിലേക്ക് ഇത് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൂല്യങ്ങളെയും തിന്‍മകളെയും കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് വത്തിക്കാനില്‍ ബുധനാഴ്ച മാര്‍പാപ്പ ഈ പ്രഭാഷണവും നടത്തിയത്. കത്തോലിക്കാസഭയിലെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും പ്രഭാഷണത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതാദ്യമായല്ല മാര്‍പാപ്പയുടെ പ്രസംഗങ്ങള്‍ യാഥാസ്ഥിതിക വിഭാഗത്തിന്‍റെ നെറ്റി ചുളിപ്പിക്കുന്നത്. 

സ്വവര്‍ഗ ദമ്പതിമാരെ ആശീര്‍വദിക്കാന്‍ പുരോഹിതരെ അനുവദിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ നിര്‍ദേശവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.  ജനങ്ങള്‍ ദൈവിക അനുഗ്രഹം അവരുടെ ജീവിതത്തില്‍ വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ അത് ലഭിക്കുന്നതനായി അനുഗ്രഹിക്കുകയാണ് വേണ്ടതെന്നും അവരെ സഭയില്‍ നിന്നും ദൈവത്തില്‍ നിന്നും അകറ്റരുതെന്നുമായിരുന്നു പോപ്പ് രേഖയില്‍ വ്യക്തമാക്കിയത്. അതേസമയം, വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മിലാണെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. ലൈംഗികന്യൂനപക്ഷങ്ങളെ സഭയോട് കൂടുതല്‍ അടുപ്പിക്കുന്ന തീരുമാനമായാണ് ഇതിനെ പലരും വ്യാഖ്യാനിച്ചത്. 

'Sexual pleasure is 'a gift from God' says Pope