അവിഹിതമെന്ന് സംശയം; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; പൊലീസില്‍ വിളിച്ചറിയിച്ച് ഭര്‍ത്താവ്

മറ്റൊരാളുമായി പ്രണയത്തിലാണെന്ന  സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ബഹ്​ലയിലാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം മൃതദേഹം പുതപ്പിച്ച് കിടത്തിയ കാര്‍ത്തിക് ദാസ് മക്കളെ ട്യൂഷന് വിട്ടു. ശേഷം വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് ഭക്ഷണവുമുണ്ടാക്കി. പിന്നീട് പൊലീസില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തുമ്പോള്‍ കൂസലെന്യെ ഇയാള്‍ ഭാര്യക്ക് അടുത്ത് ഇരിക്കുകയായിരുന്നു. പൊലീസ് എത്തുമെന്ന് ഉറപ്പായതോടെ താന്‍ മക്കളുടെ വസ്ത്രങ്ങളടക്കം പാക്ക് ചെയ്ത് വച്ചിട്ടുണ്ടെന്നും ട്യൂഷന് കഴിഞ്ഞ് വരുമ്പോള്‍ മക്കളെ കൂട്ടിക്കൊണ്ട് പോകാന്‍ ഭാര്യാമാതാവിനെ ചുമതലപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.   

പച്ചക്കറി–ഇറച്ചിക്കട നടത്തി വരികയായിരുന്നു കാര്‍ത്തികെന്ന് പൊലീസ് പറയുന്നു. ഭാര്യ സമാപ്തിക്ക് അവിഹിതമുണ്ടെന്ന കാര്‍ത്തികിന്‍റെ സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചു. പതിവുപോലെ ബുധനാഴ്ചയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും സമാപ്തിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും കാര്‍ത്തിക് പൊലീസിന് മൊഴി നല്‍കി. രാവിലെ ആയിട്ടും അമ്മ ഉണരാതിരുന്നത് കണ്ട മക്കള്‍ വിവരം അന്വേഷിച്ചെങ്കിലും അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കിടക്കുകയാണെന്നാണ് മക്കളോട് പറഞ്ഞതെന്നും കാര്‍ത്തിക് അവകാശപ്പെട്ടു. 

അതേസമയം, കാര്‍ത്തികിന്‍റെ മൊഴി പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നും ട്യൂഷന് മക്കളെ വിട്ടുവെന്ന് പറഞ്ഞുവെങ്കിലും കുട്ടികള്‍ മുത്തശ്ശിക്കൊപ്പമാണ് ഉണ്ടായിരുന്നതെന്നും അങ്ങനെയെങ്കില്‍ കൃത്യം നടത്തുന്നതിന് മുന്‍പ് കാര്‍ത്തിക് മക്കളെ വീട്ടില്‍ നിന്നും മാറ്റിയിട്ടുണ്ടാകുമെന്നും പൊലീസ് അനുമാനിക്കുന്നു. സമാപ്തിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും പൊലീസ് വ്യക്തമാക്കി. 

Man kills wife and confess later; West Bengal