പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍  ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്‍റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. 

വത്തിക്കാനില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ ചെയറിലെത്തിയ മാര്‍പാപ്പ കസേരയിലിരുന്നാണ് പ്രാരംഭ പ്രാര്‍ഥന നടത്തിയത്. പിന്നീട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഈസ്റ്റര്‍ദിന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം പെസഹ വ്യാഴാഴ്ചയിലെ പ്രസംഗം മാര്‍പാപ്പ ഒഴിവാക്കിയിരുന്നു. ദുഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടത്താറുള്ള കുരിശിന്‍റെ വഴിയില്‍ നിന്നും  അദ്ദേഹം വിട്ടു നിന്നിരുന്നു

ഇടുക്കി ആരക്കുഴ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ  കുര്‍ബാന അര്‍പ്പിച്ചു. ഈസ്റ്റര്‍ സന്ദേശവും നല്‍കി

എറണാകുളം കരിങ്ങാച്ചിറ പള്ളിയിലെ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു

പാളയം സെന്‍റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ

പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കെ.സി.ബി.സി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നേതൃത്വം നൽകി.

തിരുവല്ല വെണ്‍മണി ചങ്ങമല സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ ഡോ.യുയാക്കാം മാര്‍ കൂറിലോസ് സഫ്രഗണ്‍ മെത്രാപ്പൊലീത്ത നേതൃത്വം നല്‍കി.