എയര്‍ ഇന്ത്യ എക്​സ്പ്രസില്‍ മിന്നല്‍ പണിമുടക്ക്; വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി

air-strike
SHARE

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം.  എഴുപത് സര്‍വീസുകള്‍ റദ്ദാക്കി.  സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.  റീഫണ്ടോ പകരം യാത്രാസംവിധാനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിമാനക്കമ്പനി അറിയിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബംഗളൂരു , ഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളാണ് കൂടുതല്‍ റദ്ദാക്കിയത്. തിരുവനന്തപുരത്ത് ദുബായ് ,അബുദാബി ,മസ്കറ്റ്  എന്നിവിടങ്ങളിലേക്കുമുള്ള 5 വിമാനങ്ങളും രണ്ട് ആഭ്യന്തര വിമാനങ്ങളുംറദ്ദാക്കി. സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ് ബോര്‍ഡിങ് ഗേറ്റിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് യാത്രക്കാര്‍ അറി‍ഞ്ഞത്. വീസ കാലാവധി തീരുന്നവരും നാളെ ജോലിക്ക് പ്രവേശിക്കേണ്ടവരും മെഡിക്കല്‍ എമര്‍ജന്‍സിക്കായി പോകുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്്  വിമാനത്താവളത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. 

5 വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ നിന്ന് റദ്ദാക്കിയത്. ഷാര്‍ജ , മസ്കറ്റ്,ദമാം , ബഹ്റിന്‍ എന്നിവയ്ക്ക് പുറമേ ബെഗളൂരുവിലേക്കുള്ള ആഭ്യന്തര സര്‍വീസും റദ്ദാക്കി. ഇന്ന് തന്നെ അടിയന്തിരമായി വിദേശത്ത് എത്തേണ്ടവരും ഇന്ന് പോകാനായി ജില്ലയിലെത്തി താമസിച്ചവരും  പ്രതിസന്ധിയിലായി. കണക്റ്റഡ് വിമാനങ്ങളുള്‍പ്പെടെ 17 സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നും റദ്ദാക്കി.  അവശ്യ സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള എയര്‍ ഇന്ത്യ നടപടി യാത്രക്കാരെ വലച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 250 ഓളം സീനിയർ ക്യാബിൻ ക്രൂ ജീവനക്കാർ ഒറ്റയടിക്ക് സിക് ലീവ് എടുത്തതാണ് സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും , യാത്ര മുടങ്ങിപ്പോയവർക്ക് മുഴുവൻ പണവും തിരികെ നൽകുകയോ, ബദൽ യാത്ര മാർഗ്ഗങ്ങൾ ഒരുക്കുകയോ ചെയ്തതായും എയർ ഇന്ത്യ വ്യക്തമാക്കി. 

Flight services were cancelled without warning due to strike in Air India Express

MORE IN BREAKING NEWS
SHOW MORE