ഓട്ടിസം ബാധിതന്‍,18 വയസ്; ജിടിഎ–സിക്സ് ഹാക്കിങ്ങിന്റെ തലച്ചോറ്; പിടിയില്‍

ഓണ്‍ലൈന്‍ ഗെയിം ജിടിഎ–സിക്സിന്റെ തൊണ്ണൂറോളം വിഡിയോസ് ലീക്ക് ചെയ്ത ടീനേജ് ഹാക്കര്‍ക്ക് ഇനി അനിശ്ചിതകാല ആശുപത്രിവാസം. ഡോക്ടര്‍മാര്‍ തീരുമാനിക്കും വരെ അനിശ്ചിതകാലത്തേക്ക് ഹാക്കര്‍നെ ആശുപത്രിയില്‍ നിന്നും പുറത്തുവിടരുതെന്ന് കോടതി വിധിച്ചു. റീലീസ് ആവാത്ത ഗെയിമിന്റെ  ക്ലിപ്പുകള്‍ ചോര്‍ത്തിയതു മാത്രമല്ല, കസ്റ്റഡിയിലിരിക്കെ വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കിയതും പരിഗണിച്ചാണ് കോടതിവിധി. 

ഓട്ടിസം ബാധിതനായ 18കാരനായ ബ്രിട്ടീഷ് സ്വദേശി ആരോണ്‍ കുര്‍താജ് ആണ് ഓണ്‍ലൈന്‍ ഹാക്കിങ്ങിന്റെ തലച്ചോറിനു പിന്നിലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  ടെക് ഭീമന്‍മാരെ തേടിപ്പിടിച്ച് അവരുടെ പ്രോഡക്ട്സ് ചോര്‍ത്തുന്ന ഹാക്കിങ് സംഘത്തിലെ പ്രധാനിയാണ് ആരോണ്‍ .യൂബര്‍ കമ്പനിക്കുള്‍പ്പെടെ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഈ സംഘം വരുത്തിവെച്ചത്. ആരണ്‍ന്റെ മാനസിക നില ശരിയാകുന്ന വരെ നിര്‍ബന്ധ ആശുപത്രിവാസം വേണമെന്നാണ് കോടതി വ്യക്തമാക്കുന്നത്. 

കസ്റ്റഡിയിലിരിക്കെ കുര്‍താജിന്റെ പേരില്‍ പന്ത്രണ്ടോളം പരാതികള്‍ വന്നിട്ടുണ്ട്. അപകടമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും സാധനങ്ങള്‍ നശിപ്പിക്കുന്നതുമുള്‍പ്പെടെയുണ്ട് കേസുകള്‍. നിലവില്‍ ഓട്ടിസം ബാധിതനായതിനാല്‍ സാധാരണ രീതിയിലുള്ള വിചാരണ നേരിടാന്‍ പറ്റിയ സാഹചര്യമല്ലെന്നും ജൂറി വിലയിരുത്തി. 

ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കുര്‍താജിന്റ കയ്യിലുള്ള ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.  ഇതില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ആമസോണ്‍ ഫയര്‍സ്റ്റിക്ക്, ഹോട്ടല്‍ റൂമിലെ ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ചാണ് കുര്‍താജ് കുറ്റകൃത്യങ്ങളെല്ലാം നടത്തിയത്. ഓണ്‍ലൈന്‍ കമ്പനിയുടെ ആഭ്യന്തര മെസേജിങ് സിസ്റ്റത്തിലൂടെ നുഴഞ്ഞുകയറി ഭീഷണി അയക്കുകയാണ് കുര്‍താജിന്റെ ആദ്യ സ്റ്റെപ്. 24 മണിക്കൂറിനുള്ളില്‍ ടെലഗ്രാമിലൂടെ  ബന്ധപ്പെട്ടില്ലെങ്കില്‍ എല്ലാ കോഡും താന്‍ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി. 

ഈ മാസമാദ്യമാണ് ജിടിഎ സിക്സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. നാലു ദിവസത്തിനിടെ ട്രെയിലറിന്  128 മില്യണ്‍ കാഴ്ചക്കാരും വന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് ഗെയിമിന്റെ തൊണ്ണൂറോളം ക്ലിപ്പുകള്‍ കുര്‍താജ് ഹാക്ക് ചെയ്ത് പുറത്തുവിട്ടത്. 

British Teen Hacker Behind GTA 6 Leaks Sentenced To Life In Hospital; Reports