'കൊസോവോ' ആരുടെ ഹൃദയം? സെര്‍ബുകളുമായി സംഘര്‍ഷമെന്ത്?

kosovodjokovic-06
ചിത്രം: ഗൂഗിള്‍
SHARE

ഫ്രഞ്ച് ഓപണില്‍ ഹംഗറി താരം മാര്‍ട്ടന്‍ ഫുചോവിചിനെതിരായ വിജയത്തിന് ശേഷം സെര്‍ബിയന്‍ താരമായ നൊവാക് ജോക്കോവിച്ച് ക്യാമറയുടെ ലെന്‍സില്‍ ഇങ്ങനെ എഴുതി 'കൊസോവോ സെര്‍ബിയയുടെ ഹൃദയമാണ്. അക്രമം അവസാനിപ്പിക്കുക'. വലിയ വിമര്‍ശനങ്ങള്‍ ജോക്കോവിച്ചിനെതിരെ ഉയര്‍ന്നു. ജോക്കോയ്ക്കെതിരെ കൊസോവോ പരാതിയും നല്‍കി. പക്ഷേ താരം തന്റെ വാദം തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിക്കുക തന്നെ ചെയ്തു.

സ്വിമ്മിങ് പൂള്‍ ടെന്നിസ് കോര്‍ട്ടായി രൂപാന്തരം വരുത്തിയ സ്ഥലത്താണ് ജോക്കോ കുട്ടിക്കാലത്ത് പരിശീലനം നടത്തിയിരുന്നത്. വ്യോമാക്രമണത്തിന് മുന്നോടിയായെത്തുന്ന സൈറണുകള്‍ മുഴങ്ങുന്നതോടെ പരിശീലനം അവസാനിപ്പിച്ച് സങ്കേതങ്ങളില്‍ അഭയം തേടിയിരുന്നൊരു ബാല്യത്തെ കുറിച്ച് പണ്ടൊരിക്കല്‍ ജോക്കോ തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊസോവോ സെര്‍ബിയയുടെ എല്ലാമെല്ലാമാണെന്ന് ജോക്കോ അടിയുറച്ച് വാദിക്കുകയും ചെയ്യുന്നു. എന്താണ് കൊസോവയിലെ പ്രശ്നം. ഫ്രഞ്ച് ഓപണിനിടയില്‍ വിവാദമാകുമെന്നറിഞ്ഞിട്ടും താരം ഈ പ്രസ്താവന നടത്തിയതെന്തു കൊണ്ട്?

ഹംഗറി, റൊമാനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യമാണ് സെര്‍ബിയ. സെര്‍ബിയയ്ക്ക് തെക്ക് പടിഞ്ഞാറായി നോര്‍ത്ത് മാസെഡോണിയ, അല്‍ബേനിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് കൊസോവോ. യുഗോസ്ലാവിയയുടെ തകര്‍ച്ചയ്ക്ക് ശേഷമാണ് കൊസോവോ രാജ്യത്തിനായുള്ള പോരാട്ടം തുടങ്ങുന്നത്. ഇതിനെതിരെ സെര്‍ബിയ നടത്തിയ ആക്രമണത്തില്‍ നിരവധി അല്‍ബേനിയക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. 99 ല്‍ നാറ്റോയും സെര്‍ബിയയും തമ്മിലുള്ള രൂക്ഷമായ പോരിലാണ് ഇത് കലാശിച്ചത്. തുടര്‍ന്ന് സെര്‍ബ് സൈന്യം കൊസോവോയില്‍ നിന്ന് പിന്‍മാറി. നാറ്റോയുടെ സൈന്യം തുടരുകയും ചെയ്തു. 

 2008 ല്‍ സെര്‍ബിയയില്‍ നിന്ന് കൊസോവോ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയെങ്കിലും സെര്‍ബിയക്കാര്‍ ഇത് അംഗീകരിച്ചിട്ടേയില്ല. അല്‍ബേനിയക്കാരും സെര്‍ബിയക്കാരും ഉള്‍പ്പടെ പല രാജ്യക്കാരും മതവിശ്വാസികളും നൂറ്റാണ്ടുകളായി താമസിച്ച് പോരുന്ന  സ്ഥലമാണ് കൊസോവോ. പത്തുലക്ഷത്തി എണ്‍പതിനായിരം ജനങ്ങളില്‍ 92 ശതമാനവും അല്‍ബേനിയന്‍ വംശജരാണ്. വെറും 6 ശതമാനത്തില്‍ താഴെയാണ് സെര്‍ബിയക്കാരുള്ളത്. ശേഷിക്കുന്ന ജനങ്ങള്‍ ബോസ്നിയ, തുര്‍ക്കി, റോം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 

കാര്യമിങ്ങനെയാണെന്നിരിക്കെ, കൊസോവോ സെര്‍ബിയയുടെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്തിന്റെ പിറവി തന്നെ കൊസോവോയിലാണെന്നും സെര്‍ബുകള്‍ വാദിക്കുന്നു. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ സെര്‍ബിയയ്ക്കൊപ്പമാണ്. പക്ഷേ യുഎസും ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും, ജപ്പാനും ഓസ്ട്രേലിയയും കൊസോവോയെ പ്രത്യേക രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 99 രാജ്യങ്ങളുടെ പിന്തുണ കൊസോവോയ്ക്കുണ്ട്. 

നിലവിലെ പ്രശ്നമെന്ത്?

അല്‍ബേനിയന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരും ആകെ വരുന്ന ആറു ശതമാനം സെര്‍ബുകളുമായി വര്‍ഷങ്ങളായി അത്ര സുഖത്തിലല്ല. വടക്കന്‍ കൊസോവോയില്‍ ഏപ്രിലില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ് സെര്‍ബുകള്‍ ബഹിഷ്കരിച്ചതാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ വെറും നാല് ശതമാനത്തിലേക്ക് പോളിങ് ഒതുങ്ങി. തിരഞ്ഞെടുക്കപ്പെട്ട മേയര്‍മാര്‍ പൊലീസ് അകമ്പടിയോടെ ഓഫിസിലേക്ക് പോകുന്നതിനിടെ പ്രാദേശവാസികളായ സെര്‍ബുകളുമായി അടിപിടിയുണ്ടായി. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. നിലവിലുള്ള ആയിരത്തിലേറെ സൈനികര്‍ക്ക് പുറമേ 700 സൈനികരെ കൂടി നാറ്റോ കൊസോവോയിലേക്ക് അയച്ചു. ഇതോടെയാണ് കൊസോവോ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിയത്. പലയിടങ്ങളിലും സംഘര്‍ഷം തുടരുന്നതോടെ ജാഗ്രത നിര്‍ദേശം സെര്‍ബിയ പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇന്ത്യ കൊസോവോയെ രാജ്യമായി അംഗീകരിക്കാത്തതെന്ത്?

ഒരു രാജ്യമായി ഒരു ഭൂപ്രദേശത്തെ അംഗീകരിക്കുന്നതിനാവശ്യമായ മൂന്ന് തത്വങ്ങള്‍ കൊസോവോ പാലിച്ചിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. 1. ഒരു പ്രത്യേക ഭൂവിഭാഗം 2. രൂപീകരിക്കപ്പെട്ടതും ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടതുമായ സര്‍ക്കാര്‍ 3. പ്രസ്തുത പ്രദേശത്തിന് മേലുള്ള കാര്യക്ഷമമായ പരമാധികാരം. ഇവ മൂന്നും കൊസോവയുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ലെന്നാണ് ഇന്ത്യയുടെ വാദം. ഇതു കൊണ്ട് തന്നെ യുനെസ്കോ പോലുള്ള രാജ്യാന്തര സംഘടനകളിലും പസഫിക് കണ്‍വെന്‍ഷന്‍ പോലുള്ള പരിപാടികളിലും കൊസോവോയ്ക്ക് അംഗത്വം നല്‍കുന്നതിനെ ഇന്ത്യ ശക്തിയുക്തം എതിര്‍ത്തിരുന്നു.  

What is Kosovo- Serbia conflict? 

MORE IN WORLD
SHOW MORE