അമേരിക്കയിൽ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ലാവാപ്രവാഹം; വിഡിയോ

ലോകത്തിലെ അഗ്നിപർവതങ്ങളിലൊന്നായ  കിലോയ പൊട്ടിത്തെറിച്ചു. സ്ഫോടനത്തെത്തുടർന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണു  3 മാസത്തെ ഇടവേളയ്ക്കു ശേഷം സ്ഫോടനം നടന്നത്. എന്നാൽ ആളുകൾക്കും കെട്ടിടങ്ങൾക്കും ഇതുവരെ ഭീഷണിയില്ല.അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിലാണ്  അഗ്നിപർവതം.

ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമാണ്. പ്രധാനമായും 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.

1983 മുതൽ മുടങ്ങാതെ തീതുപ്പുന്ന അഗ്നിപർവതമാണ് കിലോയ. അഞ്ച് അഗ്നിപർവതങ്ങൾ ചേർന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായ്ക്കു രൂപം നൽകിയത്. ഹവായിയിലെ ജനങ്ങളുടെ വിശ്വാസപ്രകാരം ലോകത്തെ അഗ്നിപർവതങ്ങളുടെ അധിദേവതയാണ് പെയ്ലെ. പോളിനേഷ്യയിൽനിന്നു കടൽ കടന്നുവന്നു ഹവായിയിൽ താമസിച്ചവരാണു പെയ്ലെയുടെ ഐതിഹ്യവും അവിടെയെത്തിച്ചത്. സാഗരങ്ങളുടെ ദേവതയായ, തന്റെ മൂത്ത സഹോദരിയുടെ ഭർത്താവിനെ വശീകരിക്കാൻ പെയ്ലെ ശ്രമിച്ചു. സംഭവം പുറത്തായതോടെ രോഷാകുലയായ സഹോദരിയിൽനിന്നു രക്ഷനേടാൻ ഹവായിയിലേക്ക് എത്തുകയായിരുന്നു പെയ്ലെ. അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ചുട്ടുപഴുത്ത ഗ്ലാസ് നൂലുകൾ പോലെ മുകളിലേക്കു ചിതറാറുണ്ട്. ഇതിനെ പെയ്‌ലെയുടെ മുടിയെന്നാണ് ഹവായ് ദ്വീപുകാർ വിളിക്കുന്നത്.