സിഗരറ്റ് നല്‍കിയില്ല; കടക്കാരനെ വളഞ്ഞിട്ട് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍

സിഗരറ്റ് നിഷേധിച്ച കടക്കാരനെ വളഞ്ഞിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ടെക്സസിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വന്ന് സിഗരറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനാവില്ലെന്ന് കടയുടമ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. സിഗരറ്റ് കിട്ടില്ലെന്നറിഞ്ഞ് തിരിച്ചുപോയ പെണ്‍കുട്ടി പിന്നീട് കൂട്ടുകാരെയും കൊണ്ടാണ് കടയിലേക്ക് വന്നത്. വന്നയുടന്‍ കാഷ് കൗണ്ടറിലേക്ക് ചാടിവീണ് കടക്കാരന്റെ മുഖത്ത് അടിക്കുകയും തള്ളി വീഴ്ത്തുകയും ചെയ്തു. കൂട്ടാളികള്‍ കടയിലെ മേശയ്ക്കു മുകളിലേക്ക് കയറി സാധനങ്ങള്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടു പേരാണ് ആക്രമണം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9നാണ് സംഭവം. ജീവനക്കാരുടെ മുഖത്താണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.