'റഷ്യ– ചൈന ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിൽ': മിഖൈല്‍ മിഷുസ്റ്റിൻ

റഷ്യ– ചൈന ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെന്ന് റഷ്യന്‍ പ്രധാനമന്ത്രി മിഖൈല്‍ മിഷുസ്റ്റിന്‍. ചൈനയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായും പ്രധാനമന്ത്രി ലി ചിയാങ്ങുമായും റഷ്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കഴിഞ്ഞയാഴ്ച ജപ്പാനില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ റഷ്യയ്ക്കും ചൈനയ്ക്കും എതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യന്‍ പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദം റഷ്യ– ചൈന ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുകയാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ മിഖൈല്‍ മിഷുസ്റ്റിന്‍ പറഞ്ഞു. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ് ഈ ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം അതിവേഗം വളരുകയാണെന്ന് ലി ചിയാങ് കൂടിക്കാഴ്ചയില്‍ പറഞ്ഞു.  ഈ വര്‌‍ഷം ഇതുവരെ 7,000 കോടി ഡോളറിന്റെ വ്യാപാരം നടന്നു. പരസ്പര നിക്ഷേപവും അതിവേഗം വളരുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഒട്ടേറെ കരാറുകളിലും പ്രധാനമന്ത്രിമാര്‍ ഒപ്പുവച്ചു. ഉപ പ്രധാനമന്ത്രിയടക്കം ഉന്നത സംഘവും റഷ്യന്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.