മഞ്ഞ് വീഴ്ചയിൽ കാർ കുടുങ്ങി; ഒരാഴ്ച ജീവൻ നിലനിർത്തിയത് മിഠായി കഴിച്ച്!

കാലിഫോർണിയയിൽ കനത്ത മഞ്ഞ് വീഴ്ചയിൽ ഒരാഴ്ചയോളം കുടുങ്ങിക്കിടന്ന 81-കാരൻ ജീവൻ നിലനിർത്തിയത് മിഠായിയും ലഘുഭക്ഷണങ്ങളും കഴിച്ച്. കാലിഫോർണിയയിലെ ബി​ഗ് പൈനിലുള്ള വീട്ടിൽ നിന്നും നെവാഡയിലേക്ക് കാറിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. മുൻ നാസ ഉ​ദ്യോ​ഗസ്ഥനായ ജെറി ജോററ്റ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മഞ്ഞ് കൂമ്പാരത്തിൽ കുടുങ്ങുകയായിരുന്നു. 

കാറിന്റെ ഡോർ തുറക്കാൻ കഴിയാത്ത വിധം മഞ്ഞ് മൂടിയതോടെ ജെറിക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വരുകയായിരുന്നു. ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും ശമിക്കുന്നതുവരെ കാറിന് പുറത്തിറങ്ങാൻ കഴിയില്ലന്ന് മനസ്സിലാക്കിയ ജെറി, തുടർന്ന് കാറിലുണ്ടായിരുന്ന മിഠായിയും ലഘുഭക്ഷണങ്ങളും കഴിച്ച് ഒരാഴ്ച ജീവൻ പിടിച്ചുനിർത്തി. കാർ വിൻഡോ താഴ്ത്തിവെച്ച് മഞ്ഞ് കട്ടകൾ തിന്ന് ദാഹം ശമിപ്പിച്ചെന്നും ഇയാൾ പറയുന്നു. 

യാത്രയ്ക്ക് പുറപ്പെട്ട് നാലാം ദിനമാണ് ജെറിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പൊലീസിന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ജെറിയുടെ ഫോൺ ട്രാക്ക് ചെയ്താണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. 

കാറിൽ കുടുങ്ങിക്കിടന്ന ചിത്രങ്ങൾ ഉൾപ്പെടെ പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 

Man survives on sweets for over a week after car trapped in snow