കൊറോണ, മറ്റ് മാരകരോഗാണുക്കള്‍; ചൈന ബന്ധം സംശയിക്കുന്ന നിഗൂഢ ലാബ്: റിപ്പോര്‍ട്ട്

കാലിഫോർണിയയില്‍ ചൈനയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ലാബ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലാബില്‍ കൊറോണ വൈറസ്, എച്ച്ഐവി, മലേറിയ എന്നിവയുൾപ്പെടെയുള്ള മാരകമായ രോഗാണുക്കള്‍ സൂക്ഷിക്കുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. വെയർഹൗസിൽ നിന്ന് ഒരു ഹോസ് പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലാബിലെ പ്രവർത്തനം കണ്ടെത്തിയതെന്നാണ് വിവരം.

ചൈനയുമായി ബന്ധമുള്ള ഒരു ബയോടെക് കമ്പനിയുമായി ലാബിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് വൈറസുകളുടെ കുപ്പികൾ നിറച്ച ഫ്രീസറുകളും ഏകദേശം ആയിരത്തോളം ചത്തതും, ജീവനുള്ളതുമായ എലികളും ലാബില്‍ നിന്ന് യുഎസ് സർക്കാർ ഉദ്യോഗസ്ഥർ കണ്ടെത്തി. കോവിഡ് പരിശോധനയ്ക്കായി ഇവയെ ഉപയോഗിച്ചു എന്നാണ് നിഗമനം. റിപ്പോർട്ട് അനുസരിച്ച്, പരിശോധനയിൽ കോവിഡ് ഡയഗ്നോസ്റ്റിക്, ഗർഭാവസ്ഥ പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കണ്ടെത്തി. കൂടാതെ, ഹെപ്പറ്റൈറ്റിസ്, ഹെർപ്പസ് എന്നിവയുൾപ്പെടെയും ഇരുപതോളം  മറ്റ് സാംക്രമിക രോഗാണുക്കളും ലാബിൽ സൂക്ഷിച്ചിരുന്നു.

"പ്രസ്റ്റീജ് ബയോടെക്" എന്ന പേരില്‍ പ്രവർത്തിക്കുന്ന ലാബിന്, കാലിഫോർണിയയിൽ ബിസിനസ്സിന് ലൈസൻസ് ലഭിച്ചിട്ടില്ല എന്നും വ്യക്തമായാതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രസിഡന്റ് സിയുക്വിൻ യാവോ, ലാബ് ഇപ്പോൾ പ്രവർത്തനരഹിതമായ യൂണിവേഴ്സൽ മെഡിടെക് ഇങ്കിന്റെ പിൻഗാമിയാണെന്ന് അവകാശപ്പെട്ടു. കൂടുതൽ അന്വേഷണത്തിൽ രക്തവും ടിഷ്യുവും ഉൾപ്പെടെ വിവിധ ജൈവവസ്തുക്കളും ലേബൽ ചെയ്യാത്ത രാസവസ്തുക്കളും അടങ്ങിയ കുപ്പികളുടെയും ശേഖരം കണ്ടെത്തി, അവയിൽ ചിലത് അപകടകാരികളായ ഇ.കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുണ്ടായിരുന്നു.

China-Linked Illegal Lab Found in California