ന്യൂസിലൻഡിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ്; വൈദ്യുതി മുടങ്ങി; ദേശീയ അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥ ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്ന് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് പതിനായിരക്കണക്കിന് വീടുകള്‍ ഇരുട്ടിലാണ്.

ഓക്​ലന്‍ഡിന് അടുത്തുള്ള ജനവാസ കേന്ദ്രങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുള്‍പ്പടെയുള്ള കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ തകർന്ന റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ തുടർച്ചയായി കാറ്റും മഴയും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

വെസ്റ്റ് ഓക്​ലൻഡിൽ വീട് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നിടെ ഒരു അഗ്നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും ന്യൂസിലൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായതിനെ തുടർന്ന് തിങ്കളാഴ്ച വിമാനങ്ങൾ സർവീസുകൾ നിർത്തിവച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ചില സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് മൂന്നാം തവണയാണ് ന്യൂസിലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുൻപ് 2019 ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന് പിന്നാലെയും 2020 ലെ കോവിഡ് മഹാമാരി സമയത്തും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലൻ‍ഡ് അഭൂതപൂർവമായ കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതെന്നും അടിയന്തരകാര്യ മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു.

New Zealand Declares National Emergency