ആറ് വിക്കറ്റ് പിഴുത് ലയണ്‍; കിവീസിന്റെ ചിറകരിഞ്ഞ് ഓസ്ട്രേലിയ; 172 റണ്‍സ് ജയം

ന്യൂസിലന്‍ഡിനെ 172 റണ്‍സിന് തോല്‍പ്പിച്ച് രണ്ട് ടെസ്റ്റുകളുെട പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സില്‍ 369 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 196 എന്ന സ്കോറില്‍ ഓള്‍ഔട്ടായി. പത്താം വിക്കറ്റില്‍ ഓസ്ട്രേലിയന്‍ ഇന്നിങ്സിനെ തുണച്ച് സെഞ്ചറി നേടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആണ് മല്‍സരത്തിലെ താരം.

ആറ് വിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലയണാണ് രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത്. 105 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയാണ് ന്യൂസിലാന്‍ഡിന്റെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറര്‍. ഡാരില്‍ മിച്ചല്‍ 130 പന്തുകളില്‍ നിന്ന് 38 റണ്‍സ് നേടി മടങ്ങി. 

രണ്ടാം ഇന്നിങ്സില്‍ ലയണിന്റെ പന്തില്‍ വിക്കറ്റ് നല്‍കി മടങ്ങുന്ന രചിന്‍. ഫോട്ടോ: എപി

59-3 എന്ന നിലയില്‍ പരുങ്ങിയ ന്യൂസിലന്‍ഡിനെ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ രചിന്‍ രവീന്ദ്രയെ കാമറൂണ്‍ ഗ്രീനിന്റെ കൈകളില്‍ എത്തിച്ച് ലയോണ്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഡാരില്‍ മിച്ചല്‍ ഹെയ്സല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഓസ്ട്രേലിയക്കായി ഹെയ്സല്‍വുഡ് രണ്ടും ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റ് പിഴുത ഗ്ലെന്‍ ഫിലിപ്സ്. ഫോട്ടോ: എപി

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സില്‍ തുണച്ചത് പത്താം വിക്കറ്റിലെ ഗ്രീനിന്റേയും ഹെയ്സല്‍വുഡിന്റേയും കൂട്ടുകെട്ടായിരുന്നു. 116 റണ്‍സാണ് പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 174 റണ്‍സോടെ ഗ്രീന്‍ പുറത്താവാതെ നിന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 383 റണ്‍സിന് മറുപടിയുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 179ന് ഓള്‍ഔട്ടായി. 71 റണ്‍സ് എടുത്ത ഗ്ലെന്‍ ഫിലിപ്സിന് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 164 റണ്‍സില്‍ അവസാനിച്ചിരുന്നു. വെറും 37 റണ്‍സിന് ഇടയിലാണ് ഓസ്ട്രേലിയയുടെ അവസാന ആറ് വിക്കറ്റും വീണത്. എന്നിട്ടും മുന്‍തൂക്കം നേടിയെടുക്കാന്‍ ന്യൂസിലന്‍ഡിനായില്ല. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ലയണാണ് രണ്ടാം ഇന്നിങ്സില്‍ 41 റണ്‍സോടെ ഓസ്ട്രേലിയയുടെ ടോപ് സ്കോററായത്.