ബാറ്റില്‍ ഗാസ ഐക്യദാര്‍ഢ്യ സ്റ്റിക്കര്‍ വേണ്ട; ഐസിസി വീണ്ടും ഉടക്കി; പറിച്ചു മാറ്റി ഖവാജ

കളിക്കളത്തിലെ രാഷ്ട്രീയ പ്രതിഷേധങ്ങളോട് അനുകൂല നിലപാടല്ല അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്. ഐസിസി നിലപാടുമായി ഒത്തുപോകാത്തതോടെ വീണ്ടും വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഒസ്മാന്‍ ഖവാജ. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഐസിസിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ബാറ്റിന് മുകളില്‍ പതിച്ച സ്റ്റിക്കറാണ് താരം മൈതാനത്ത് വച്ച് തന്നെ പറിച്ചു മാറ്റിയത്. 

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലാണ് സംഭവം. മല്‍സരത്തിന്‍റെ 19–ാം ഓവറില്‍ ഉസ്മാന്‍ ഖവാജ ബാറ്റ് മാറ്റിയെടുക്കാനുള്ള സിഗ്നല്‍ ടീം ക്യാംപിലേക്ക് നല്‍കി. ഒരു കൂട്ടം ബാറ്റുമായെത്തിയ മാത്യു റെന്‍ഷോയുടെ കയ്യില്‍ നിന്നും തിരഞ്ഞെടുത്ത ബാറ്റിലായിരുന്നു ഐസിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സ്റ്റിക്കര്‍ പതിച്ചിരുന്നത്. മനുഷ്യാവകാശത്തെ സൂചിപ്പിക്കുന്ന ഒലീവ് ഇലയുമായി പറക്കുന്ന പ്രാവിന്‍റെ സ്റ്റിക്കറാണ് ഖവാജ ബാറ്റില്‍ ഉപയോഗിച്ചിരുന്നത്. ചിത്രം ശ്രദ്ധയില്‍പ്പെട്ട താരം തന്നെ ഇത് പറിച്ചു മാറ്റുകയായിരുന്നു. 

ഗാസയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്താന്‍ ബാറ്റില്‍ പ്രാവിന്‍റെ ചിത്രം ഉപയോഗിക്കാനുള്ള താരത്തിന്‍റെ അപേക്ഷ നേരത്തെ ഐസിസി തള്ളിയിരുന്നു. പാക്കിസ്താന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലായിരുന്നു ഇത്. അതോടൊപ്പം മല്‍സരത്തില്‍ കയ്യില്‍ കറുത്ത ബാന്‍ഡ് അണിഞ്ഞതിന് താരത്തിന് ഐസിസി പിഴ ചുമത്തുകയും ചെയ്തിരുന്നു. കറുത്ത ബാന്‍ഡ് അണിഞ്ഞത് വ്യക്തിപരമായ വിയോഗം കാരണമാണെന്ന് താരം പിന്നീട് വ്യക്തമാക്കിയിരുന്നു. 

അതേസമയം ഓസ്ട്രേലിയന്‍ ഓപ്പറണറുടെ തീരുമാനത്തിന് ടീമിന്‍റെ പിന്തുണയുണ്ട്.  പ്രാവിന്‍റെ ചിഹ്നം സമാധാനത്തിന്‍റെ അടയാളമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് നിക് ഹോക്ലി ഡിസംബറില്‍ പറഞ്ഞു. ഐസിസിക്ക് ഇതുമായി ബന്ധപ്പെട്ട നിയമങ്ങളുണ്ട്. ഞങ്ങളതിനെ മാനിക്കുന്നു. അതേസമയം ഖവാജയെ പിന്തുണയക്കുയും ചെയ്യുന്നു. അവരവരുടെ വിശ്വാസങ്ങള്‍ പങ്കിടാന്‍ എല്ലാ താരങ്ങള്‍ക്കും പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. 

ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സണും ഖവാജയെ അനുകൂലിച്ചു. മനുഷ്യാവകാശ ലംഘനത്തിനെതിരെ ഖവാജ പ്രാവിന്‍റെ സ്റ്റിക്കര്‍ ബാറ്റിലും ഷൂവിവും ഉപയോഗിക്കുന്നതും മാര്‍നസ് ലാബുഷാഗ്നെ മതപരമായ സന്ദേശം നല്‍കുന്ന പരുന്തിന്‍റെ ചിത്രം ബാറ്റില്‍ പതിപ്പിച്ചതും തമ്മില്‍ വ്യത്യാസമില്ലെന്നാണ് കമ്മിന്‍സണ്‍ വ്യക്തമാക്കിയത്. 

രണ്ടാം ഇന്നിങ്സില്‍ കാര്യാമായ പ്രകടനം നടത്താന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ക്ക് സാധിച്ചില്ല. 28 റണ്‍സെടുത്ത ഖവാജയെ ഗ്ലെന്‍ ഫില്പ്പിസ് പുറത്താക്കിയിരുന്നു. ഒറ്റ അര്‍ധ സെഞ്ചറി പോലും പിറക്കാത്ത രണ്ടാം ഇന്നിങ്സില്‍ 164 റണ്‍സിനാണ് ടീ പുറത്തായത്. ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ന്യൂസിലാന്‍ഡിന് 369 റണ്‍സാണ് ജയിക്കാനായി ആവശ്യം. മൂന്നാം ദിവസം മല്‍സരം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 111 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. വിജയ ലക്ഷ്യത്തില്‍ നിന്ന് 258 റണ്‍സ് അകലെയാണ് ടീം ഇപ്പോഴും. 

Usman Khawaja remove dove sticker from his bat because that against ICC rule