പിരിച്ചു വിട്ട് മതിയാകാതെ മസ്ക്; ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ?

പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ വരുന്നുവെന്ന് റിപ്പോർട്ടുകൾ. ചെലവ് ചുരുക്കൽ‌ നടപടികളുടെ ഭാഗമായി ആളുകളെ പിരിച്ചു വിടുന്നുവെന്നായിരുന്നു നേരത്തെ മസ്ക് വ്യക്തമാക്കിയിരുന്നത്. ജീവനക്കാരുടെ എണ്ണം 7500 ൽ നിന്നും 3500 ആയി വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് 2000 ജീവനക്കാരായി പരിമിതപ്പെടുത്തിയേക്കുമെന്ന് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പുതിയ പിരിച്ചുവിടലിനെ കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

പലയിടങ്ങളിലെ ട്വിറ്റർ ഓഫിസുകൾക്കും വാടക മുടങ്ങിയതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പിരിച്ചുവിടൽ വാർത്തകൾ വീണ്ടും നിറയുന്നത്. മസ്ക് സ്ഥാനമേറ്റതിന് പിന്നാലെ ഒക്ടോബർ അവസാനവാരമാണ് ട്വിറ്ററിൽ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടത്. മസ്കിന്റെ തൊഴിൽ ശൈലിയോട് യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കുറച്ച് ആളുകളും ട്വിറ്റർ വിട്ടു. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരസ്യ കമ്പനികൾ ട്വിറ്ററിനെ കൈവിട്ടിരുന്നു. തുടർന്ന് വരുമാനം കുത്തനെ ഇടിഞ്ഞുവെന്നും നിലനിൽപ്പ് പ്രതിസന്ധിയിലാണെന്നും മസ്ക് തന്നെ ട്വീറ്റ് ചെയ്തു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ചുവിടൽ.  

ജീവനക്കാർ പകുതിയായി കുറഞ്ഞതിന് പിന്നാലെ ഓഫിസുകളിലെ ഫർണിച്ചറുകൾ, കംപ്യൂട്ടറുകൾ, അടുക്കളസാമഗ്രികൾ എന്ന് തുടങ്ങി ട്വിറ്ററിന്റെ ലോഗോയും ലോഗോയിലെ കിളിയെ വരെ വിറ്റതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കടുത്ത പ്രതിസന്ധിയിലായതിനെ തുടർന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പതിനായിരം ജീവനക്കാരെയും ആമസോൺ 18000 ജീവനക്കാരെയും പിരിച്ചുവിടുകയാണ്.

Twitter may layoff more staff soon