രാജ്യസുരക്ഷയിൽ ആശങ്ക; ‘എക്സ്’ നിരോധിച്ച് പാകിസ്ഥാന്‍

സാമൂഹ്യമാധ്യമമായ എക്സ് (ട്വിറ്റര്‍) നിരോധിച്ച് പാകിസ്ഥാന്‍.  രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്ക കണക്കിലെടുത്താണ് നടപടിയെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ബുധനാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ഫെബ്രുവരി പകുതി മുതലേ സമൂഹമാധ്യമമായ എക്സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി പാക്കിസ്ഥാനിലെ ഉപയോക്താക്കളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല. ബുധനാഴ്ച്ച കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എക്സിന്‍റെ നിരോധനത്തെക്കുറിച്ച് പാക് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്.

പാകിസ്ഥാൻ ഗവൺമെന്റിന്റെ നിയമാനുസൃത നിർദ്ദേശങ്ങൾ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോ​ഗം തടയുന്നതിലും എക്സ് പരാജയപ്പെട്ടെന്നും അതിനാൽ, എക്സ് നിരോധിക്കാൻ തങ്ങൾ നിർബന്ധിതരായെന്നുമാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാകിസ്ഥാൻ അധികൃതരുമായി സഹകരിക്കാൻ സോഷ്യൽ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായി മന്ത്രാലയം ആരോപിച്ചു. പാക്കിസ്ഥാനില്‍ എക്സ് നിരോധിക്കാനുളള തീരുമാനമെടുത്തത് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം, എക്സ് ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് പാക് ഹൈക്കോടതി നിര്‍ദേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Pakistan blocked social media platform X