ബ്രിട്ടനു വേണ്ടി ചാരവൃത്തിയെന്ന് ആരോപണം: മുൻ പ്രതിരോധ ഉപമന്ത്രിയെ ഇറാൻ തൂക്കിക്കൊന്നു

ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മുൻ പ്രതിരോധ ഉപമന്ത്രി അലിറേസ അക്ബാരിയെ (61) ഇറാൻ തൂക്കിക്കൊന്നു. സംഭവത്തെ ബ്രിട്ടൻ കടുത്ത ഭാഷയിൽ അപലപിച്ചു. മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ കൂടി ആയിരുന്ന അക്ബാരിയെ ശനിയാഴ്ചയാണ് വധിച്ചത്. 

സ്വന്തം പൗരന്മാരുടെ മനുഷ്യാവകാശങ്ങളെപ്പോലും മാനിക്കാത്ത കാടൻ ഭരണകൂടം നടത്തിയ ക്രൂരമായ നടപടിയാണ് അക്ബാരിയുടെ വധമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇറാൻ പൗരത്വത്തിനു പുറമേ ബ്രിട്ടിഷ് പൗരത്വം കൂടിയുള്ള അക്ബാരിയെ വിട്ടയയ്ക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. 

പ്രതിരോധ, വിദേശ ഡപ്യൂട്ടി മന്ത്രി, നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി, നാവികസേനയുടെ ഉപദേഷ്ടാവ്, പ്രതിരോധ മന്ത്രാലയ ഗവേഷണവിഭാഗത്തിന്റെ തലവൻ എന്നീ ഉന്നത പദവികൾ വഹിച്ച വ്യക്തിയാണ് അലിറേസ അക്ബാരി. 1980–88 ലെ ഇറാൻ– ഇറാഖ് യുദ്ധസമയത്ത് നിർണായക ഉത്തരവാദിത്തങ്ങൾ വഹിച്ചു. 1997 മുതൽ 2005 വരെ പ്രതിരോധ ഡപ്യൂട്ടി മന്ത്രി ആയിരുന്നു. 2019 ഫെബ്രുവരിയിൽ ഔദ്യോഗിക മാധ്യമത്തിൽ അദ്ദേഹത്തിന്റെ അഭിമുഖം വന്നിരുന്നു. അതിനാൽ 2019 മാർച്ചിനു ശേഷമാണ് അറസ്റ്റിലായതെന്ന് അനുമാനിക്കുന്നു. 

ബ്രിട്ടനുമായി തനിക്കുള്ള ബന്ധം അക്ബാരി വിശദീകരിക്കുന്ന വിഡിയോ ഇറാൻ പുറത്തുവിട്ടിരുന്നു. ഉന്നത ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹയെപ്പറ്റിയുള്ള വിവരങ്ങൾ അവർ ചോദിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. മുഹ്സെൻ ഫക്രിസാദെഹെ 2020 നവംബറിൽ വധിക്കപ്പെട്ടു. ഇസ്രയേൽ ആണ് അതിനു പിന്നിലെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇതിനു വഴിയൊരുക്കിയത് അക്ബാരി ആണെന്നാണ് അവർ കണ്ടെത്തിയത്. രഹസ്യങ്ങൾ കൈമാറിയതിന് 18 ലക്ഷം യൂറോയും രണ്ടര ലക്ഷം പൗണ്ടും 50,000ഡോളറും അക്ബാരി കൈപ്പറ്റിയതായി ഔദ്യോഗിക മാധ്യമം ‘മിസാൻ’ റിപ്പോർട്ട് ചെയ്തു. 

അതിനിടെ, തന്നെ ക്രൂരമായി പീഡിപ്പിച്ച് കള്ളമൊഴി രേഖപ്പെടുത്തുകയായിരുന്നു എന്ന അക്ബാരിയുടെ ശബ്ദസന്ദേശം ബിബിസി പുറത്തുവിട്ടു. ‘3500 മണിക്കൂറെങ്കിലും പീഡിപ്പിച്ചു, മനോരോഗത്തിനുള്ള മരുന്നുകൾ കഴിപ്പിച്ചു, മാനസിക സമ്മർദത്തിലാക്കി, ഭ്രാന്തിന്റെ വക്കോളമെത്തിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തെറ്റായ മൊഴി രേഖപ്പടുത്തി’ – അക്ബാരി പറയുന്നു.