ഇറാന്‍–ഇസ്രയേല്‍ ഏറ്റുമുട്ടല്‍; തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

യുദ്ധകാലത്ത് ഇസ്രയേലിലേക്ക് ഇന്ത്യ നിര്‍മാണതൊഴിലാളികളെ അയയ്ക്കുന്നത് തുടരുന്നതില്‍ കടുത്ത ആശങ്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം ഇതുവരെ ഇസ്രയേലിലെത്തിയത് അഞ്ഞൂറോളം പേര്‍. തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി പ്രതികരിച്ചു. 

പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയതിനെ തുടർന്ന് രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ്, ഇസ്രയേല്‍ ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. ദേശീയ നൈപുണ്യവികസന കോര്‍പ്പറേഷന്‍ വഴിയാണ് നിയമനം. മരപ്പണിക്കാര്‍, ടൈല്‍ പണിക്കാര്‍, നിര്‍മാണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ ലഭിക്കും. ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ആകെ പോകാനിരിക്കുന്നത് അയ്യായിരത്തോളം പേര്‍. 

ഇതുവരെ ഇസ്രയേലിലെത്തിയത് അഞ്ഞൂറോളം ഇന്ത്യക്കാര്‍. ഈ മാസം രണ്ടാംതീയതി ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍വച്ചാണ് ആദ്യബാച്ച് തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇറാന്‍–ഇസ്രയേല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെയാണ് തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക ഉയരുന്നത്. ഇതോടെ ഏതാനും ദിവസങ്ങള്‍ക്കകം ഇസ്രയേലിലേക്ക് പോകാനിരിക്കുന്ന അടുത്ത ബാച്ച് തൊഴിലാളികളുടെ യാത്ര താല്‍ക്കാലികമായി റദ്ദാക്കുമെന്നാണ് വിവരം. എന്നാല്‍, ആശങ്കവേണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി പ്രതികരിച്ചു.

Iran – Israel conflict; India Expressed Concern