മോചനത്തിന് വഴിയൊരുങ്ങുന്നു; ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിലുള്ളവരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി

ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിലുള്ള പൗരന്‍മാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമിര്‍ അബ്ദുല്ലഹെയ്‌നുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. നാല് മലയാളികളടക്കം 17 ഇന്ത്യക്കാരാണ് എംഎസ്‌സി ഏരീസ് ചരക്കുകപ്പലിലുള്ളത്

ഇറാന്‍ സൈന്യം കീഴ്പ്പെടുത്തിയ കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇറാനുമായി ഉറ്റ സൗഹൃദമുള്ള ഇന്ത്യ കപ്പല്‍ പിടിച്ചെടുത്ത അന്ന് തന്നെ നയതന്ത്ര മാര്‍ഗങ്ങള്‍ വഴി ഇറാനുമായി ബന്ധപ്പെട്ടിരുന്നു. പിന്നാലെയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഫോണ്‍ സംഭാഷണം നടത്തിയത്. ഉടന്‍ തന്നെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൗരന്‍മാരെ കാണാന്‍ വഴിയൊരുങ്ങും. ആകെ 25 ജീവനക്കാരുള്ള എംഎസ്‌സി ഏരീസ് ചരക്കുകപ്പലില്‍ 17 പേരും ഇന്ത്യക്കാരാണ്. 

ശനിയാഴ്ചയാണ്   ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്‍റെ സൊഡിയാക് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം കീഴ്പ്പെടുത്തിയത്. ഹോര്‍മൂസ് കടലിടുക്കില്‍വച്ച് കീഴ്പ്പെടുത്തിയ കപ്പല്‍ നിലവില്‍ ഇറാന്‍ തീരത്താണുള്ളത്. ഇന്നലെ രാത്രിയാണ് എസ്.ജയശങ്കര്‍ ഇറാന്‍–ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാരെ വിളിച്ചത്. അതിനിടെ, ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി സര്‍വീസ് നടത്തുന്നതിനാല്‍ വിമാനകമ്പനികള്‍ക്ക് ഇന്ധനച്ചെലവ് ഉയരും. അതിനാല്‍ യൂറോപ്പിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും ഉയര്‍ന്നേക്കും. എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്ക് ആഴ്ചയിലുള്ള നാല് സര്‍വീസുകളും റദ്ദാക്കി. 

ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷ സമീപനം സ്വീകരിച്ച ഇന്ത്യ, പൗരന്‍മാരുടെ സുരക്ഷയ്ക്ക്   ഇറാനുമായുള്ള നയതന്ത്ര ബന്ധം ഫലപ്രദമായി ഉപയോഗിക്കുകയാണ്. ജോസഫ് കെ.തോമസ്. മനോരമ ന്യൂസ് ഡല്‍ഹി

Iran To Allow Indian Authorities To Meet 17 Crew Members Of SeizedCargo Ship

MORE IN INDIA