മെലിൻഡയെ തന്നെ വീണ്ടും വിവാഹം കഴിക്കും; വെളിപ്പെടുത്തി ബിൽ ഗേറ്റ്സ്

മെലിൻഡ ഗേറ്റ്‌സിനെ തന്നെ വീണ്ടും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്ട് സഹ-സ്ഥാപകൻ ബിൽ ഗേറ്റ്സ്. ‘വളരെ നാടകീയമായിരുന്നു കഴിഞ്ഞ രണ്ടു കൊല്ലങ്ങൾ. കുട്ടികൾ വളർന്ന് വീട് വിടുന്നതോടെ എല്ലാ വിവാഹബന്ധവും മറ്റൊരു പരിവർത്തനത്തിന് വിധേയമാകും. എന്റെ കാര്യത്തിൽ വിവാഹ മോചനം എന്ന പരിവർത്തനമാണ് സംഭവിച്ചത്’ എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

‘എന്റേത് വളരെ മനോഹരമായ ദാമ്പത്യമായിരുന്നു. വിവാഹബന്ധം വേർപെടുത്താൻ ഞാൻ ശ്രമിക്കില്ലായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാനും ഞാൻ തയ്യാറാകില്ലായിരുന്നു’. ബിൽ ഗേറ്റ്സ് പറഞ്ഞു. മെലിൻഡയെ പുനർവിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് ‘എനിക്കങ്ങനെയൊരു ഭാവിപരിപാടി ഇതുവരെയുമില്ല. എങ്കിലും വിവാഹത്തിന് തന്നെയാകും ഞാൻ തയ്യാറാവുക’ എന്നാണ് സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബിൽ ഗേറ്റ്സ് പറഞ്ഞത്.

വേർപിരിയലുമായി താദാത്മ്യം പ്രാപിക്കുന്നതായി വ്യക്തമാക്കിയ ഗേറ്റ്സ്, മുൻ ഭാര്യയുമായി ഇപ്പോഴും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വളരെ പ്രധാനപ്പെട്ടതും സങ്കീർണ്ണവും അടുപ്പമേറിയതുമായ ബന്ധമാണ് മെലിൻഡയുമായി തനിക്കുണ്ടായിരുന്നതെന്ന് ഗേറ്റ്സ് വ്യക്തമാക്കി. ‘വിവാഹമെന്നത് വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ്. വിവാഹബന്ധം എങ്ങനെ വേർപെട്ടു എന്നതിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേർപിരിയലിന്റെ വേദനയിൽ നിന്ന് ഇരുവരും മോചിതരായി വരികയാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

30 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 മെയ് മാസം ഇരുവരും ദാമ്പത്യബന്ധം വേർപെടുത്തിയിരുന്നു. ജെന്നർ, റോറി, ഫോൺബെ എന്നിവരാണ് മക്കൾ.