27 വർഷ ദാമ്പത്യത്തിന് അവസാനം; ഗേറ്റ്സിന്റെ സ്വത്തില്‍ മെലിൻഡയ്ക്ക് എന്ത് ലഭിക്കും..?

27 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വിവാഹമോചിതരാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. ലോകം ഇപ്പോൾ അറിയാൻ ആഗ്രഹിക്കുന്നത് ശതകോടീശ്വരന്മാരിൽ ഒരാളായ ബിൽ ഗേറ്റ്സിന്റെ സമ്പത്ത് എങ്ങനെയാകും ഭാഗം വയ്ക്കുക എന്നാണ്. ലോകത്തിലെ നാലാമത്തെ സമ്പന്നനായ മനുഷ്യനാണ് ബിൽ ഗേറ്റ്സ്. 130.5 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പകുതിവഴി പഠനം ഉപേക്ഷിച്ചാണ് 1986–ല്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് തുടങ്ങുന്നത്. പെട്ടെന്നാണ് അദ്ദേഹം കോടീശ്വരനായി വളർന്നത്. 

മൈക്രോസോഫ്റ്റിന്റെ അദ്ഭുതകരമായ വളർച്ച ഗേറ്റസിനെ ലോകത്തിലെ അതിസമ്പന്നനാക്കി മാറ്റി. ആതുരസേവനങ്ങൾക്ക് പണം നൽകിയതോടെ ആ പദവി പിന്നീട് ഗേറ്റ്സിന് നഷ്ടമായി. ഗേറ്റ്സിനും മെലിൻഡയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്. സിയാറ്റിലിലും പരിസര പ്രദേശങ്ങളിലുമായാണ് ഇവരുടെ സ്വത്തുക്കൾ പരന്ന് കിടക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഹെഡ്ക്വാർട്ടേഴ്സും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 

ഇവർ വേർപിരിയുമ്പോഴും സ്വത്ത് വിവരങ്ങൾ എങ്ങനെ ഭാഗിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇരുവരുടെയും പേരിലുള്ള സ്വത്തുക്കൾ ഭാഗം വയ്ക്കുമെന്നാണ് ഇവർ നൽകിയ വിവാഹമോചന പ്രസ്താവനയിൽ പറയുന്നതെന്നാണ് വിവരം. 

നേരത്തെ അതിസമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസും മക്കൻസി സ്കോടും വിവാഹമോചിതരായിരുന്നു. 2019ൽ വിവാഹ മോചനം നേടുന്നതിന് മുൻപ് ജെഫ് ബെസോസ് ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികൻ. എന്നാൽ വിവാഹമോചന കരാർ പ്രകാരം സമ്പത്തിന്റെ 4% മക്കൻസിക്ക് നൽകേണ്ടി വന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മക്കൻസി വൻ തുകയാണ് നീക്കിവയ്ക്കുന്നത്.