ഇളവുകളുമായി യുഎസ്; വൈറസിന്റെ രണ്ടാം വരവ് ഭയാനകമാകുമെന്ന് ബിൽ ഗേറ്റ്സ്

മഹാമാരിയെ കൃത്യമായി നിയന്ത്രിക്കാതെ സംസ്ഥാനങ്ങൾ പ്രവർത്തനമാരംഭിക്കുന്നത് കൊറോണ വൈറസിന്റെ രണ്ടാം വരവിനു കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. അകലം പാലിക്കൽ, വീട്ടിലിരിക്കൽ തുടങ്ങിയ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ യുഎസിലെ പല സംസ്ഥാനങ്ങളും തയാറാകുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്സിന്റെ അഭിപ്രായം പുറത്തുവരുന്നത്. യുഎസ് മാധ്യമമായ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിലാണ് ഗേറ്റ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മഹാമാരി സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ എത്രയും പെട്ടെന്ന് പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ വിവിധ മഹാമാരികളെക്കുറിച്ച് വർഷങ്ങളായി പഠിക്കുന്നുണ്ട്. ഇപ്പോൾ കൊറോണ വൈറസിനെ പ്രതിരോധിക്കാനും അവർ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വൈറസ് കാര്യമായി ബാധിക്കാത്ത സംസ്ഥാനങ്ങളാണ് തുറക്കാൻ ശ്രമം നടത്തുന്നത്. വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്നു കരുതി പുറത്തിറങ്ങുന്നത് അവർക്കു കാര്യമായി റിസ്ക് ഇല്ലെന്ന സൂചനയല്ല നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് 1ന് മുൻപ് ഒരു കാരണവശാലും സംസ്ഥാനങ്ങൾ തുറക്കരുതെന്നാണ് യുഎസിലെ ആരോഗ്യ രംഗത്തെ ഗവേഷകർ പറയുന്നത്.

നിയന്ത്രണങ്ങളിൽനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തുറന്നുകൊടുക്കണമെങ്കിൽ ആദ്യം വ്യാപകമായ പരിശോധനകൾ നടത്തണമെന്നും പുതിയ വൈറസ് കേസുകൾ കണ്ടെത്തണമെന്നും ഗേറ്റ്സ് പറയുന്നു. മഹാമാരിയെ നിയന്ത്രിക്കാതെ രാജ്യം തുറന്നുകൊടുത്താൽ ആദ്യത്തേതുപോലെ ഭയാനകമായ ആക്രമണമായിരിക്കും രണ്ടാം വരവിൽ വൈറസ് പ്രകടമാക്കുക. രണ്ടാം വരവിൽ ന്യൂയോർക്കിനെക്കാൾ വലിയതോതിൽ മറ്റു സംസ്ഥാനങ്ങളെ ബാധിച്ചേക്കാം. ഇതു സംസ്ഥാനങ്ങളുടെ തിരിച്ചുവരവിനെയും ബാധിക്കും.

വിജയകരമായി രാജ്യം പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ ഘട്ടംഘട്ടമായിവേണം തുറന്നുകൊടുക്കാൻ. ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ), വിവിധ ആരോഗ്യ, സാമ്പത്തിക വിദഗ്ധരുടെയും നിർദേശങ്ങൾ കണക്കിലെടുക്കണം. സമൂഹത്തിലെ ഏതൊക്കെ വിഭാഗങ്ങൾ വേണം അടിയന്തരമായി പ്രവർത്തനം പുനരാരംഭിക്കേണ്ടതെന്നു കണ്ടെത്തണം. പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ നടപ്പാക്കണം. പരിശോധനയും സമ്പർക്ക പട്ടികയും തയാറാക്കണം, ഗേറ്റ്സ് കൂട്ടിച്ചേർത്തു.