ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കും; വമ്പൻ പ്രഖ്യാപനവുമായി കിം

ലോകരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടികൊണ്ട് ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായി ഉത്തരകൊറിയൻ സര്‍വ്വാധിപന്‍ കിം ജോങ് ഉൻ. ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാർഷിക ദിനത്തിൽ സംഘടിപ്പിച്ച സൈനിക പരേഡിലാണ് ആണവായുധ ശേഖരം ഇനിയും വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കിമ്മിന്റെ രംഗപ്രവേശം. ലോക രാജ്യങ്ങൾ കടുത്ത ഭാഷയിൽ ഉത്തരകൊറിയയുടെ നീക്കങ്ങളെ വിമർശിക്കുമ്പോഴും, ആണവായുധ ശാക്തീകരണ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് കിമ്മിന്റെ നിലപാട്.

ആണവായുധങ്ങൾ ഏതു നിമിഷവും പ്രയോഗിക്കാൻ സൈന്യം സുസജ്ജമായിരിക്കണമെന്നും കിം നിർദേശം നൽകിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. രാജ്യാന്തര തലത്തിൽ നിരോധിച്ചിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക്സ് മിസൈലും (ഐസിബിഎം) സൈനിക പരേഡിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. ആണവായുധം വഹിക്കാനായാണ് ഐസിബിഎമ്മുകൾ ഉദ്ദേശിക്കപ്പെടുന്നതെന്നാണ് ആശങ്ക കൂട്ടുന്ന കാര്യം. നിലവിൽ റഷ്യ, യുഎസ്, ചൈന, ഫ്രാൻസ്, ഇന്ത്യ, ബ്രിട്ടൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഐസിബിഎം ഉള്ളത്.

2017നുശേഷം ആദ്യമായി ഇക്കഴിഞ്ഞ മാർച്ചിൽ ഉത്തരകൊറിയ അവരുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 പരീക്ഷിച്ചിരുന്നു. ഇതിനെതിരെ രാജ്യാന്തര തലത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിനിടെയാണ് ഹ്വാസോങ് 17 സൈനിക പരേഡിൽ പ്രദർശിപ്പിച്ച് മറ്റൊരു പ്രകോപനം. 2020 ഒക്ടോബറിൽ സൈനിക പരേഡിലാണ് ഉത്തരകൊറിയ ആദ്യമായി ഹ്വാസോങ് 17 പ്രദർശിപ്പിച്ചത്. താരതമ്യേന വലുപ്പക്കൂടുതലുള്ള മിസൈലിനെ ‘മോൺസ്റ്റർ മിസൈൽ’ എന്നാണ് അന്ന് വിദഗ്ധർ വിശേഷിപ്പിച്ചത്.

ഹ്വാസോങ് 17 പരീക്ഷിച്ചതിനു പിന്നാലെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്തരകൊറിയയ്ക്കു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആണവായുധങ്ങൾ വഹിക്കുന്നതിനായി തയാറാക്കിയിട്ടുള്ള ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ, യുഎസിന്റെ മുഴുവൻ മേഖലകളെയും ലക്ഷ്യമിടാൻ പര്യാപ്തമെന്നാണ് റിപ്പോർട്ട്. 25 മീറ്റർ നീളവും ഒരു ലക്ഷം കിലോഗ്രാം ഭാരവുമുള്ള ഹ്വാസോങ് 17 ഉത്തരകൊറിയയുടെ ഏറ്റവും വലിയ മിസൈലാണ്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കു പുറമേ അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകളുടെയും ഹൈപ്പർസോണിക് മിസൈലുകളുടെയും പ്രദർശനം സൈനിക പരേഡിന്റെ ഭാഗമായി ഒരുക്കിയിരുന്നു.