‘കിമ്മിനെ കുറിച്ച് എനിക്ക് അറിയാം; അക്കാര്യം നിങ്ങളും ഉടൻ അറിയും’; ട്രംപിന്റെ വാക്കുകൾ

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് തുറന്നുപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം കിമ്മിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞത്. കിം ജോങ് ഉന്നിനെ കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായി എനിക്ക് അറിയാം. പക്ഷേ ഇപ്പോൾ അതു നിങ്ങളോട് പറയാൻ കഴിയില്ല. നിങ്ങളും വൈകാതെ എല്ലാം അറിയും. അദ്ദേഹത്തിന് എല്ലാ സൗഖ്യങ്ങളും നേരുന്നുവെന്നും ട്രംപ് പറഞ്ഞു.

ദിവസങ്ങൾ പിന്നിട്ടിട്ടും കിമ്മിന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിക്കുകയാണ്. കിമ്മിന്റെ സഹോദരി കിം യോ ജാങ് കൊറിയയുടെ ഭരണം കയ്യാളുമോ എന്ന ചർച്ചകളും സജീവമാണ്. രണ്ടാഴ്ചയായി കൊറിയൻ ദേശീയ മാധ്യമത്തിൽ കിം ജോങ് ഉന്നിനെ കാണാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാണെന്നും മരിച്ചെന്നും വരെ പ്രചാരണങ്ങളുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മൂന്ന് തലമുറയായി കിം കുടുംബമാണ് ഉത്തരകൊറിയയിൽ ഭരണത്തിൽ.

2011 ൽ പിതാവിന്റെ മരണത്തോടെ കിം ജോങ് ഉൻ ഉത്തരകൊറിയയിൽ ഭരണമേറ്റു. പ്രായം ഇരുപതുകളിലുള്ള ഒരു പയ്യൻ രാജ്യത്തെ നയിക്കാൻ പ്രാപ്തനാണോയെന്ന ചോദ്യങ്ങൾ ആ സമയത്തു ചിലയിടങ്ങളിൽനിന്നെങ്കിലും ഉയർന്നിരുന്നു. എന്നാൽ കൃത്യമായ മേധാവിത്തം ഉ‌റപ്പിച്ച കിം എതിരാളികളാകുമെന്നു തോന്നിയവരെയെല്ലാം അടിച്ചമർത്തി. സ്വന്തം അമ്മാവനായ ജാങ് സോങ് തേക്കിന് കിം വധശിക്ഷയാണു വിധിച്ചത്. കിമ്മിന്റെ നാടുകടത്തപ്പെട്ട അർധ സഹോദരന്‍ മലേഷ്യയിൽവച്ചു കൊല്ലപ്പെട്ട സംഭവത്തിലും ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ പങ്കുള്ളതായി സംശയിക്കുന്നു.