എത്തിയത് കിമ്മോ അപരനോ?; പല്ലിന്റേയും ചെവിയുടേയും ഘടനയിൽ മാറ്റം; ചർച്ച ഇങ്ങനെ

ആരോഗ്യസ്ഥിതിയെക്കുറിച്ചു പ്രചരിച്ച അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടും ചർച്ചകൾ അവസാനിക്കുന്നില്ല. വേദിയിലെത്തിയത് കിം ജോങ് ഉൻ തന്നെയാണോ എന്നാണ് ഇപ്പോഴത്തെ സജീവചർച്ച.  കിമ്മിന്റെ മുൻ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ഇപ്പോൾ വേദിയിലെത്തിയത് അപരനാണ് എന്ന രീതിയലാണ് ചർച്ചകൾ‌.

പുതിയ ചിത്രത്തിൽ കിമ്മിന്റെ പല്ലിന്റെയും ചെവിയുടെയും ഘടനയില്‍ മാറ്റമുണ്ട്. അതിനാൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കിമ്മിന്റെ അപരനാണ് എന്ന വാദവുമായി ആദ്യം രംഗത്തെത്തിയത് മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ സെങ് ആണ്. മുൻ ബ്രിട്ടീഷ് പാർലമെന്റ് അംഗം ലൂയിസ് മെൻഷും ഇതേ സംശയം ഉന്നയിച്ച് ട്വീറ്റ് ചെയ്തു. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചത്. 

പല ഏകാധിപതിമാരും സുരക്ഷയ്ക്കു വേണ്ടി അപരന്മാരെ ഉപയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായോ ആരോഗ്യ സ്ഥിതിയെത്തുടർന്നോ കിം അപരനെ പരിപാടിക്ക് അയയ്ച്ചതാകാമെന്നും കരുതുന്നവരുണ്ട്. എന്നാൽ ഇതെല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് വാദിക്കുന്നവരും നിരവധിയാണ്.

ഏപ്രിൽ 15ന്, മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ ഓൺലൈൻ പത്രം ഡെയ്‌ലി എൻകെയാണ് അസുഖ വിവരങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. കിം അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്കമരണം സംഭവിച്ചുവെന്നും വരെ പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.

എന്നാൽ രണ്ടാഴ്ചയ്ക്കുശേഷം ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സൻചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ കിം പങ്കെടുത്തെന്ന് ദ് കൊറിയൻ സെൻട്രൻ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ഇതോടെ അഭ്യൂഹങ്ങൾക്ക് അവസാനമായി എന്നു കരുതിയപ്പോഴാണ് പുതിയ പ്രചാരണങ്ങൾക്ക് തുടക്കമായത്.