സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ചു നാടുവിട്ടു; കോവിഡ് ചതിച്ചു; പിടിയിൽ

 കേസുകളിൽനിന്നു രക്ഷപ്പെടാൻ സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ചു രാജ്യംവിട്ട അമേരിക്കൻ യുവാവ് സ്കോട്‍‌ലൻഡിൽ ജയിലിലായി. സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളിൽ യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിയായ നിക്കോളാസ് അലവെർദിയൻ (34) പല പേരുകളിൽ സ്കോട്‍ലൻഡിൽ കഴിയുകയായിരുന്നു.

യുഎസിൽ കേസുകളിൽ കുടുങ്ങിയതോടെ, താൻ ഗുരുതര രോഗബാധിതനാണെന്ന് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞ നിക്കോളാസ്, 2020 ഫെബ്രുവരി 29ന് ഓൺലൈനിൽ തന്റെ ചരമക്കുറിപ്പും പ്രസിദ്ധീകരിച്ചു. ഇതു തട്ടിപ്പാണെന്ന് പൊലീസിനു സംശയമുണ്ടായിരുന്നു. തുടർന്നു യുഎസിൽനിന്നു സ്കോട്‌ലൻഡിലേക്കു മുങ്ങിയ കക്ഷി ഡിസംബറിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ പിടിയിലായി.ചികിത്സ തുടരാൻ അന്നു കോടതി ജാമ്യം അനുവദിച്ചു. ആശുപത്രിയിൽനിന്ന് മുങ്ങിയ പ്രതിയെ വ്യാഴാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ കോടതി ജാമ്യം നൽകാതെ ജയിലിലേക്കയച്ചു. ഫെബ്രുവരിയിൽ നാടുകടത്തൽ നടപടികൾ തുടങ്ങും.