8 ലക്ഷത്തിന്റെ വിവാഹവസ്ത്രങ്ങൾ കടയിൽ കയറി നശിപ്പിച്ച് യുവതി; പകയ്ക്ക് പിന്നിൽ

വില കൂടിയ വിവാഹ വേഷങ്ങൾ വിൽക്കുന്ന കടയിൽ കയറി ആഡംബര വേഷങ്ങൾ നശിപ്പിക്കുന്ന യുവതിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്രമാത്രം പക തോന്നാനുള്ള കാരണവും പിന്നാലെ പുറത്തുവന്നു. യുവതി കടയിൽ ഒരു ഓർഡർ നൽകിയിട്ടുണ്ടായിരുന്നു. കടക്കാർ ആവശ്യപ്പെട്ട തുക മുൻപു തന്നെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഓർഡർ യുവതിക്ക് ക്യാൻസൽ ചെയ്യേണ്ടിവന്നു. വാങ്ങിയ തുക കടക്കാർ തിരിച്ചുകൊടുക്കാൻ വിസമ്മതിച്ചതോടെയാണ് യുവതിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതും  വസ്ത്രങ്ങൾ നശിപ്പിച്ചതും.

ജിയാങ് എന്നാണ് യുവതിയുടെ പേര്. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ചോങ്കിങ് എന്ന സ്ഥലത്താണ് ഈ മാസം 9 ന് സംഭവം നടന്നത്. 8 ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങളാണ് ജിയാങ് നശിപ്പിച്ചതെന്ന് കടയുടമസ്ഥർ പറയുന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന വസ്ത്രങ്ങൾ യുവതി കടയിൽ നിന്ന് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു. 40,000 രൂപ അഡ്വാൻസ് ആയി കൊടുക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ച വിവാഹം റദ്ദാക്കിയതോടെ യുവതി ഓർഡർ ക്യാൻസൽ ചെയ്തു. എന്നാൽ വാങ്ങിയ തുക തിരിച്ചുകൊടുക്കാനാവില്ലെന്ന നിലപാടിൽ കടക്കാർ ഉറച്ചുനിന്നതോടെയാണ് തർക്കം ഉണ്ടായത്.

യുവതി കടയിലെത്തി ഉടമസ്ഥരുമായി തർക്കിക്കുന്നത് വിഡിയോയിൽ കാണാം. തർക്കത്തെത്തുടർന്നും പരിഹാരമില്ലാതെവന്നതോടെയാണ് ദേഷ്യം നിയന്ത്രിക്കാനാവാതെ അവർ കത്രിക ഉപയോഗിച്ച് വസ്ത്രങ്ങൾ ഒന്നൊന്നായി നശിപ്പിക്കാൻ തുടങ്ങിയത്. വിഡിയോ കാണാം.