ഒറ്റദിവസം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികൾ ആശുപത്രിയിൽ; ആശങ്കയോടെ യുഎസ്

ഒമിക്രോൺ ആശങ്ക വർധിക്കുന്നതിനിടെ യുഎസിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡിസംബര്‍ മുതല്‍ തന്നെ യുഎസിൽ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്.

രാജ്യത്ത് 6,62,000 പേർക്കാണ് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനു മുൻപ് 24 മണിക്കൂറിനിടെ 10 ലക്ഷം കേസുകൾ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിലേറെയായി ദിവസവും അഞ്ച് ലക്ഷത്തിലധികം പേർക്ക് യുഎസിൽ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

ഒമിക്രോൺ കേസുകൾ വർധിക്കുന്നതും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും കിടക്കകളുടെ ഉൾപ്പെടെ ക്ഷാമത്തിനു കാരണമാകുമെന്നും ആശങ്കയുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുള്ളതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. എത്രയും വേഗം ആളുകൾക്ക് വാക്സീന്റെ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ നൽകുന്നതിലുള്ള നടപടികളുമായി മുൻപോട്ടു പോകുകയാണ് യുഎസ്.