ആകാശത്ത് ഐസിടിച്ച് വിമാനത്തിന്റെ ചില്ല് തകർന്നു; ഉള്ളിൽ 200 യാത്രക്കാര്‍; സംഭവിച്ചത്

200 പേരുമായി പറന്നുയർന്ന യാത്രാവിമാനത്തിന്റെ മുൻഭാഗത്തെ ചില്ല് ഐസിടിച്ച് തകർന്നു. ആകാശ യാത്രയ്ക്കിടെ 35,000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിന്റെ ചില്ല് തകർന്നത്. ഭാഗ്യത്തിന് യാത്രക്കാർ അപായമില്ലാതെ രക്ഷപ്പെട്ടു. ലണ്ടനിൽ നിന്ന് കോസ്റ്ററിക്കയിലെ സാൻ ഹോസെയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ബ്രിട്ടീഷ് എയർവേസ് വിമാനത്തിനെക്കാൾ 1000 അടി ഉയരത്തിൽ പറന്ന ജെറ്റ് വിമാനത്തിൽ നിന്ന് തെരിച്ചു വീണ ഐസാണ് അപകടത്തിന് കാരണമായത്. ബുള്ളറ്റ് പ്രൂഫിനോളം സുരക്ഷിതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിൻഡ്ഷീൽഡിൽ ഉടനീളം വിള്ളലുകൾ രൂപപ്പെട്ടു. വിൻഡ്ഷീൽഡിൽ ഐസ് വന്നിടിച്ചപ്പോൾ യാത്രക്കാർ അമ്പരന്നു. വിമാനം അവസാനം സുരക്ഷിതമായി സാൻ ഹോസെയിൽ ലാൻഡ് ചെയ്തു.

അപൂർവങ്ങളിൽ അപൂർവമായ സംഭവമെന്നാണ് ഈ അപകടത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഡിസംബർ 23-ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നു പുറപ്പെട്ട ബോയിങ് 777 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാൻ ഹോസെയിൽ രണ്ട് ദിവസമെടുത്താണ് വിമാനം നന്നാക്കിയത്. പിന്നീടാണ് ലണ്ടനിലേക്ക് പറന്നത്. അതിനാൽ തന്നെ യാത്രക്കാർക്ക് ക്രിസ്മസ് ആഘോഷിക്കാനായില്ലെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.