നാട്ടിലെത്തിയപ്പോൾ പരാതിപ്രളയം; ‘ബിൽഡ് ബാക്ക് ബെറ്ററി’ൽ തട്ടിത്തടഞ്ഞ് ബൈഡൻ

ആഴ്ചാവസാനം സ്വന്തം നാടായ ഡെലാവെയറിൽ ചിലവഴിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കാത്തിരുന്നത് തട്ടകത്തുകാരുടെ പരാതിപ്രവാഹം. ഡെമോക്രാറ്റുകളുടെ അഭിമാന പദ്ധതിയായിരുന്ന ബിൽഡ് ബാക്ക് ബെറ്റർ ഇഴഞ്ഞുനീങ്ങുന്നതിലെ നീരസമാണ് നാട്ടുകാർ പ്രസിഡന്റുമായി പങ്കിട്ടത്. 

ആഴ്ചാവസാനം ചിലവിടാൻ സ്വന്തം നാട്ടിലേക്കെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കുടുംബവും ഡെലാവെയറിലെ സെന്റ് ജോസഫ് പള്ളിയിൽ പ്രാർത്ഥനക്കെത്തിയപ്പോഴാണ് പരാതിപ്പെട്ടിയുമായി നാട്ടുകാരെത്തിയത്. പ്രസിഡന്റിലും ഡെമോക്രാറ്റിക് പാർട്ടിയിലും നല്ല വിശ്വാസമർപ്പിച്ചാണ് തങ്ങൾ ഇപ്പോഴും മുന്നോട്ട്പോകുന്നതെന്ന് ആമുഖമായി അവർ അറിയിച്ചു. എന്നാൽ ഒരു കാര്യത്തിൽ അൽപ്പം നിരാശയുണ്ട് എന്നവർ മടിയില്ലാതെ പറഞ്ഞു. എവിടം വരെയായി നമ്മുടെ ബിൽഡ് ബാക്ക് ബെറ്റർ  എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. അഭിമാന പദ്ധതിയായി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയ ബി.ബി.ബിക്ക് വേഗം പോരെന്നാണ് പരക്കെയുള്ള പക്ഷം.

 കോവിഡിന് ശേഷമുള്ള ഉയർത്തെഴുന്നേൽപ്പിന് ഉത്തേജനമായി അമേരിക്ക ലോകത്തിനാകമാനം മാതൃകയെന്നോണം ചൂണ്ടിക്കാട്ടിയ പദ്ധിയാണ് ബിൽഡ് ബാക്ക് ബെറ്റർ .ബി.ബി.ബിക്ക് വൈറ്റ് ഹൌസ് നൽകുന്ന നിർവചനം ഇതാണ്. പരമാവധി തൊഴിലവസരങ്ങൾ, ജനങ്ങളുടെ നികുതിഭാരം ലഘൂകരിക്കുക, ജീവിതച്ചിലവ് കുറയ്ക്കുക. മൂന്ന് ഭാഗങ്ങളായി ഏഴ് ട്രില്യൺ ഡോളറിന്റെ സമഗ്ര പദ്ധതിയാണിത്.  2021 മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ ഭാഗമായ സുരക്ഷാപദ്ധതി മാത്രമാണ് ഒക്ടോബർ 1 വരെയുള്ള കണക്കനുസരിച്ച് നിയമമായി ഒപ്പുവെച്ചത്. 10 മില്യണ്‍ തൊഴിലവസരങ്ങള്‍ ബൈഡന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട് എങ്കിലും സാക്ഷാത്കരിക്കാനായിട്ടില്ല. കാലാവസ്ഥാ സംരക്ഷണമുള്‍പ്പടെ ബാക്കിയെല്ലാ പദ്ധതികളും ഒച്ചിഴയും പരുവത്തിലാണ്. അമേരിക്കയുടെ വളര്‍ച്ചാവേഗത്തിനുള്ള നടപടികളുണ്ടാവാത്തതില്‍ തങ്ങള്‍ക്കുള്ള അതൃപ്തിയാണ് ഡെലാവെയറുകാര്‍ അറിയിച്ചത്.