‘ഇവിടെ കോവിഡ് കേസില്ല’; ലോകാരോഗ്യ സംഘടനയോട് ആവർത്തിച്ച് ഉത്തരകൊറിയ

ഇവിടെ ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ടിലാണ് ഈ അവകാശവാദം. കോവിഡ് ലോകജനതയെ തന്നെ പ്രതിസന്ധിയിലാക്കി ഒരു വർഷം പിന്നിട്ടിട്ടും ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വാദം വിശ്വസനീയമല്ലെന്നാണ് പാശ്ചത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

മികച്ച തയാറെടുപ്പുകൾ നടത്തിയിരുന്നെന്നും അതിർത്തികൾ അടച്ച് മികച്ച പ്രതിരോധം തീർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.കോവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതല്‍ കഴിഞ്ഞ ഏപ്രില്‍ 1വരെ 23,121 കൊവിഡ് ടെസ്റ്റുകള്‍ ഉത്തര കൊറിയ നടത്തി.  എന്നാല്‍ ഇവയെല്ലാം നെഗറ്റീവാണെന്നാണ് അവകാശവാദം. 

കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമാണെന്ന് ഏകാധിപതി കിം ജോങ് ഉൻ കഴിഞ്ഞ വർഷം തന്നെ അവകാശപ്പെട്ടിരുന്നു‍. കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേര്‍ന്നു പ്രവര്‍ത്തിച്ച പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചിരുന്നു. അയല്‍രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതിനു പിന്നാലെ ഉത്തരകൊറിയ അതിര്‍ത്തികള്‍ അടയ്ക്കുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ വെടിവെച്ച് കൊല്ലുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.