കപ്പൽ കനാലിൽ കുടുങ്ങാൻ കാരണം കാറ്റ് മാത്രമോ? കടൽക്കുരുക്കിൽ 369 കപ്പലുകൾ

കയ്റോ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കാനുള്ള ശ്രമം ഇതുവരെ ഫലം കണ്ടില്ല. കൂടുതൽ ടഗ്ഗുകൾ എത്തിയെങ്കിലും ദൗത്യത്തിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായില്ല. 14 ടഗ്ഗുകളാണ് ഇപ്പോൾ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 18 മീറ്റർ ആഴത്തിൽ 27,000 ഘനമീറ്റർ മണ്ണ് ഇതിനകം നീക്കം ചെയ്തു. അടിത്തട്ടിലെ പാറയാണു ദൗത്യം തടസ്സപ്പെടുത്തുന്നതെന്നാണു സൂചന.

വേലിയേറ്റ സമയം കപ്പൽ ചലിപ്പിക്കാൻ രണ്ടു ശ്രമങ്ങൾ നടന്നെങ്കിലും ഫലിച്ചില്ല. കപ്പലിന്റെ മുൻഭാഗത്തുള്ള കണ്ടെയ്നറുകൾ മാറ്റിയശേഷം ശ്രമം തുടരും. എന്നാൽ ചരക്ക് ഇറക്കാനും കയറ്റാനും കൂടുതൽ സമയവും പ്രത്യേക ക്രെയിനുകളും വേണ്ടിവരും. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു കപ്പൽ കുടുങ്ങിയത്.

ഇതിനിടെ, കപ്പൽ കുടുങ്ങിയതിനു പിന്നിൽ കാറ്റു മാത്രമല്ലെന്നും മാനുഷിക പിഴവുകളും സാങ്കേതികപ്രശ്നങ്ങളും ഉണ്ടാകാമെന്നും സൂയസ് കനാൽ അതോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞു. 74 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയതിനെ തുടർന്ന് കപ്പൽ കനാലിനു കുറുകെ കുടുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്. 

കാറ്റാണു കാരണമെങ്കിൽ അതേദിവസം 12 കപ്പലുകൾ തെക്കു നിന്നും 30 കപ്പലുകൾ വടക്കുനിന്നും ഇതേ കനാലിലൂടെ കുഴപ്പമില്ലാതെ കടന്നുപോയതെങ്ങനെയെന്ന് ഒസാമ റാബി ചോദിച്ചു.369 ചരക്കുകപ്പലുകളാണു കനാൽ കടക്കാൻ കാത്തുകിടക്കുന്നത്. കുടുങ്ങിയ കപ്പലുകൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി പറഞ്ഞു. 

പ്രതിദിനം 100 കോടിയിലേറെ രൂപവീതം അതോറിറ്റിക്കു നഷ്ടപ്പെടുന്നതായാണു കണക്കാക്കുന്നത്. ആഗോളതലത്തിൽ പ്രതിദിനനഷ്ടം 65,200 കോടി രൂപയെന്നാണ്  കണക്ക്.

എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. കപ്പലിന്റെ മുൻഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകൾ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. ഇരുവശത്തും കാത്തുകിടക്കുന്ന കപ്പലുകളിൽ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേയ്ക്കേയുള്ളൂ.

English Summary: Suez Canal: Effort to refloat wedged container ship continues