ബിജെപി ഓഫിസിനുള്ളില്‍ കേന്ദ്രമന്ത്രി യുവാവിനെ തല്ലിച്ചതച്ചെന്ന് ആരോപണം: പ്രതിഷേധം

കൊൽക്കത്ത∙ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ കൊൽക്കത്തയിലെ ബിജെപി ഓഫിസിനുള്ളിൽ യുവാവിനെ തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 

തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തായത്. ടിവി ക്യാമറകൾക്കു മുന്നിൽ പോസ് ചെയ്യുന്നതിനും ബൈറ്റ് നൽകുന്നതിനു പകരം ഗൗരവമായി തിരഞ്ഞെടുപ്പ് പ്രചാരണത്തെ സമീപിക്കാൻ മന്ത്രിയെ ഉപദേശിച്ച യുവാവിനെയാണ് പാർട്ടി ഓഫിസിൽ വച്ച് കേന്ദ്രമന്ത്രി തല്ലിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിണ്ടാതിരിക്കാൻ യുവാവിനോട്  മന്ത്രി ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. നിയന്ത്രണം വിട്ട സുപ്രിയോ യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

എന്നാൽ താൻ ആരെയും തല്ലിയില്ലെന്നും പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നും ബാബുൽ സുപ്രിയോ പ്രതികരിച്ചു.  തല്ലാന്‍ പോകുന്നതുപോലെ കാണിക്കുക മാത്രമാണ് ചെയ്തത്. വാർത്തകളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും രംഗത്തെത്തി. ആരെയും ശാരീരികമായി ഉപദ്രവിക്കാൻ ബാബുൽ സുപ്രിയോ  ഉദ്ദേശിച്ചിരുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. 

English Summary: Babul Supriyo Sparks Controversy After Allegedly "Slapping" Man In BJP Office