രതീഷിന്റെ മാതാവിന്റെ പരാതി: ആത്മഹത്യ കള്ളക്കേസിൽ കുടുക്കിയതിന്റെ വിഷമത്തിൽ

പാനൂർ/നാദാപുരം ∙ മൻസൂർ വധക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തിയ സിപിഎം പ്രവർത്തകൻ രതീഷിന്റെ മരണത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കു മാതാവ് പത്മിനിയുടെ പരാതി. മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്നു പരാതിയിൽ ആരോപിക്കുന്നു. ഇതിന്റെ മനോവിഷമമാണു രതീഷിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നും മരണത്തിനിടയാക്കിയവർക്കെതിരെ നടപടി വേണമെന്നും പരാതിയിലുണ്ട്.

മൻസൂ‍ർ കൊല്ലപ്പെട്ട ദിവസം ലീഗ് പ്രവർത്തകരിൽനിന്നു മകനു മർദനമേറ്റിരുന്നതായും പരാതിയിൽ പറയുന്നു. പത്മിനി പരാതി നൽകിയതായി പാനൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച സമാധാന സന്ദേശ യാത്രയ്ക്കിടെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണു വെളിപ്പെടുത്തിയത്. 

ഇതിനിടെ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എഫ്ഐആറിലെ മറ്റു പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ വ്യാപകമാക്കി. ഇപ്പോൾ അറസ്റ്റിലായവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്, മുഴുവൻ പ്രതികളും അറസ്റ്റിലായശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവ സ്ഥലത്തുനിന്ന് ഒന്നും കണ്ടെടുക്കാനില്ലാത്തതിനാൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ആവശ്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. 

രതീഷിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും ആന്തരിക അവയവ പരിശോധനയിൽ കണ്ടെത്തിയ പരുക്കുകൾ തിരഞ്ഞെടുപ്പു ദിനത്തിൽ സംഭവിച്ച സംഘർഷത്തിനിടയിൽ ഉണ്ടായതാണെന്നുമാണ് സിപിഎം വിലയിരുത്തൽ. അതേസമയം, മൻസൂർ വധക്കേസിൽ  രതീഷ് അടക്കമുള്ളവർ ഒളിവിൽ കഴിഞ്ഞ അരൂണ്ട മേഖലയിൽ പല വീട്ടുകാരുമായും രതീഷിന് നല്ല ബന്ധമാണുള്ളതെന്നും പ്രദേശത്തെ ചില വീട്ടുകാർ ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തതായും കേസ് അന്വേഷിക്കുന്ന കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

English Summary: Mystery behind death of Mansoor murder case accused Ratheesh