‘വനമേഖലയിൽ കെണിയൊരുക്കി; ഇൻസ്പെക്ടറുടെ കൈപ്പത്തി വെട്ടിമാറ്റി വെടിയുതിർത്തു’

ധീരനായകർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ, മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹവുമായി പോകുന്ന സിആർപിഎഫ് സേനാംഗങ്ങൾ. ചിത്രം:പിടിഐ

ഛത്തീസ്ഗഡിൽ ദക്ഷിണ ബസ്തർ വനമേഖലയിൽ കെണിയൊരുക്കി കാത്തിരുന്ന മാവോയിസ്റ്റുകൾ ക്രൂരമായ ആക്രമണമാണു നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ  22 സൈനികരാണ് വീരമൃത്യു വരിച്ചത്. കുന്നിൻമുകളിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ നിന്നു സൈനികർക്കു നേരെ വെടിയുതിർത്തതോടെ, ഒഴിഞ്ഞ ഗ്രാമത്തിലേക്കാണു സൈന്യം മറ തേടി നീങ്ങിയത്. എന്നാൽ, അവിടെ ഒളിഞ്ഞിരുന്ന മാവോയിസ്റ്റ് സംഘം വളഞ്ഞ് ആക്രമിച്ചു. നാലുപാടു നിന്നും ഒരേസമയം ഇവർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു.

ഒരു ഇൻസ്പെക്ടർ തിര നിറയ്ക്കുന്നതിനിടെ ചാടിവീണ അവർ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷമാണ് വെടിയുതിർത്തത്. മരിച്ച സൈനികരുടെ കൈവശമുള്ള രണ്ടു ഡസനോളം ആയുധങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, ഷൂസുകൾ തുടങ്ങിയവ മാവോയിസ്റ്റുകൾ കൊണ്ടുപോയി. ഗ്രാമപാതയിലും പാടത്തും ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. 

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2010 ഏപ്രിൽ 6ന് രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്‌റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 76 സുരക്ഷാ സൈനികരാണു വീരമൃത്യു വരിച്ചത്. തലസ്‌ഥാനമായ റായ്‌പുരിൽ നിന്ന് 600 കിലോമീറ്റർ അകലെ, ദന്തേവാഡ ജില്ലയിലെ മുക്‌റാന വനത്തിൽ രാവിലെ 6 നായിരുന്നു ആക്രമണം.

മാവോയിസ്‌റ്റുകളെ തുരത്താനുള്ള ഓപ്പറേഷൻ ഗ്രീൻ ഹണ്ട് ഒരുക്കങ്ങൾക്കായി ഒരു പാത തുറന്നു മടങ്ങുകയായിരുന്ന സിആർപിഎഫ് - പൊലീസ് സംയുക്‌ത സംഘത്തെ കെണിയിൽ പെടുത്തി ആക്രമിക്കുകയായിരുന്നു. 

ആക്രമണത്തിനു പിന്നിൽ ഹിദ്മയും സുജാതയും

ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയുടെ (പിഎൽജിഎ) ഏരിയ കമാൻഡർ മധ്‌വി ഹിദ്മ എന്ന ഹിദ്‌മാലു (38), സഹായി സുജാത (34) എന്നിവരാണെന്നു കരുതുന്നു. സുക്മ ജില്ലയിൽ പൂവാർതി ഗ്രാമത്തിൽനിന്നുള്ള ഹിദ്മ, മാവോയിസ്റ്റ് നേതാവ് രാമണ്ണയുടെ മരണത്തോടെയാണ് അധികാരശ്രേണിയുടെ തലപ്പത്തെത്തിയത്.

സുക്മ, ബിജാപുർ, ദണ്ഡേവാഡ മേഖലകളുടെ ചുമതലയുള്ള ദണ്ഡകാരണ്യ സ്പെഷൽ സോൺ കമ്മിറ്റിയുടെ സജീവ അംഗം കൂടിയായ ഹിദ്മയെ 2019ൽ പാർട്ടി കേന്ദ്ര കമ്മറ്റിയിലേക്ക് ഉയർത്തി. കമ്മറ്റിയിലെ പ്രായം കുറഞ്ഞ അംഗവുമായി. ഇയാളെ പിടിക്കുന്നവർക്ക് 2017ൽ പൊലീസ് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സുജാത എന്ന പേരിലറിയപ്പെടുന്ന പി. രൂപ, ആസാദെന്നും ഗോപണ്ണയെന്നും അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവ് കൊയ്ദാ സംബയ്യയുടെ ഭാര്യയാണ്. തെലങ്കാനയിലെ ഒട്ടേറെ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഇവരെ പിടിക്കുന്നവർക്ക് 8 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും 18 വർഷം പിടികൊടുത്തില്ല. 2018ൽ അറസ്റ്റിലായെങ്കിലും പിന്നീട് പുറത്തിറങ്ങി.

English Summary: Chhattisgarh Maoist attack: How a massive security operation was planned and how it went wrong