‘ ലാറി’ ചുമതലയേറ്റിട്ട് 10 വർഷം; യുകെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക എലിപിടുത്തക്കാരൻ

യുകെ പ്രധാനമന്ത്രിയുടെ വസതിയായ ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരൻ ലാറി ചുമതലയേറ്റിട്ട് ഇന്നലെ 10 വർഷം തികഞ്ഞു.ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെയാണ്  ലാറി റിക്രൂട്ട് ചെയ്യപ്പെട്ടത്. അതും തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നും. വീരശൂര പരാക്രമത്തിൽ റാങ്ക്‌ലിസ്റ്റിൽ മുൻപന്തിയിലെത്തിയ ലാറി ഇന്ന് വലിയ നിലയിലാണ്. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോഴും ലാറി ഔദ്യോഗിക ജീവിതത്തിൽ തുടർന്നു.

എ ടു സഡ് കാര്യങ്ങളും നോക്കുന്നുണ്ട് ലാറി. അതിഥികളെ വരവേൽക്കുന്നതു മുതൽ വസതിയിലെ എലികളുടെ വിളയാട്ടം വരെ കൃത്യമായി നിരീക്ഷിക്കും. സുരക്ഷാ പ്രതിരോധരംഗത്ത് പൂച്ചയല്ല, പുലിയാണ് ലാറി. ലാറിയുടെ ഉടമസ്ഥത സംബന്ധിച്ചും പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും പുള്ളിയെ ബാധിച്ചിട്ടുമില്ല. 2007ൽ ജനിച്ച ലാറി 2011ലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എത്രയെത്ര വിശ്വവിഖ്യാതമായ എലിപിടുത്തങ്ങൾ. 2011 ഏപ്രില്‍ 22നാണ് ആദ്യമായി എലിയെ പിടിക്കുന്നത്. പിന്നെ തുടർന്നങ്ങോട്ട് പ്രധാനമന്ത്രിയുടെ വസതിയിലെ മാത്രമല്ല, പൊതുജനങ്ങളെ ഉപദ്രവിക്കുന്ന എലികളെയും പിടികൂടിയിട്ടുണ്ട്. ഡേവിഡ് കാമറൺ തന്റെ പ്രധാനമന്ത്രി പദത്തിലെ അവസാന പ്രസംഗത്തിൽ പറഞ്ഞത് ശ്രദ്ധേയമാണ്. ലാറി ഒരു പേഴ്സൺ സ്റ്റാഫല്ല, സിവിൽ സർവന്റ് ആണെന്ന്. അതോടെ പ്രധാനമന്ത്രിയും ഭരണകൂടവും മാറിയപ്പോഴും 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരൻ എന്ന പദവി യിൽ നിന്നും ലാറിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല...

10 വർഷം പൂർത്തിയാക്കിയ ലാറിയ്ക്ക്  ട്വിറ്ററിൽ നിറയെ ആശംസകളാണ്.