പിങ്ക് തൊപ്പി ധരിച്ച സ്ത്രീ നിർദേശങ്ങൾ നൽകി: കാപ്പിറ്റോൾ കലാപം ആസൂത്രിതം ?

വാഷിങ്ടൻ: തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമ പരമ്പര ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. കാപ്പിറ്റോളിൽ ആളുകൾ ഇരച്ചുകയറുന്നതിന്റെയും വൈസ്പ്രസിഡന്റിന്റെയും സഭാ സ്പീക്കറുടെയും ഉൾപ്പെടെ ഓഫിസുകളിൽ അതിക്രമം കാട്ടുന്നതിന്റെയും ദൃശ്യങ്ങളിൽനിന്ന്, അത് വെറുമൊരു ആൾക്കൂട്ട ആക്രമണമോ വൈകാരിക പ്രകടനമോ അല്ലെന്നു വ്യക്തമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

കാപ്പിറ്റോൾ മന്ദിരത്തിന്റെ ഇടനാഴികളിലൂടെ പതാകകളും മറ്റുമായി ഒട്ടേറെ പ്രതിഷേധക്കാർ യാതൊരു തടസ്സവുമില്ലാതെ നടക്കുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ചേംബറിൽ സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ പ്രതിഷേധക്കാരെത്തി. അവർക്കു കൃത്യമായ പദ്ധതികൾ ഉണ്ടായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായിരുന്നു. ജനക്കൂട്ടത്തിന്റെ വൈകാരിക പ്രതികരണമല്ല, കലാപത്തിനു കോപ്പുകൂട്ടുന്ന അക്രമികളെയാണ് അന്ന് അവിടെ കണ്ടത്. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽനിന്ന് അക്രമകാരികൾക്കു വ്യക്തമായ നിർദേശവും സഹയായവും ലഭിച്ചിരിക്കാം. അല്ലെങ്കിൽ ഒരിക്കലും സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ എത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’.– ഡമോക്രാറ്റിക് അംഗം ജയിംസ് ക്ലേബേൺ പറയുന്നു.

പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ച സ്ത്രീ മെഗാഫോണിലൂടെ നിർദ്ദേശങ്ങൾ നൽകുന്നതും ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു പറ്റം ആളുകൾ സ്പീക്കറുടെ ചേംബറിനെ ലക്ഷ്യമാക്കി നീങ്ങുന്നതും വിഡിയോയിൽ ദൃശ്യമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പാർലമെന്റിൽ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികൾക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോൻ, പ്രൗഡ് ബോയ്സ് അംഗങ്ങളും ഇടംപിടിച്ചത് വ്യക്തമായ പദ്ധതിയോടെയാണെന്നാണ് നിഗമനം. കറുത്തവർഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ രണ്ടു തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാൻ ട്രംപ് തയാറായിരുന്നില്ല. ‘ക്യൂ അനോൻ ഷമാൻ’എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. കാളക്കൊമ്പുകളുള്ള കിരീടവും ദേശീയ പതാക കെട്ടിയ കുന്തവുമായി സെനറ്റ് ചേംബറിനു മുന്നിൽ പൊലീസിനെ വെല്ലുവിളിക്കുന്ന ജെയ്ക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ജനപ്രതിനിധി സഭാ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റ് നേതാവുമായ നാൻസി പെലോസിയുടെ (80) ഓഫിസിലേക്കു കടന്നു കയറിയ റിച്ചാർഡ് ബിഗോ ബാർനറ്റ് എന്നയാളും ഈ സംഘത്തിലുള്ളതാണ്. ഇയാൾ പെലോസിയുടെ മേശമേൽ കാൽവച്ചിരിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. പെലോസിയുടെ ഓഫിസിലെ വലിയ കണ്ണാടിയും ഇയാൾ തകർത്തു. പേരെഴുതിയ ഫലകം ഇളക്കിമാറ്റി. നാൻസി പെലോസിയുടെ പ്രസംഗപീഠം കയ്യിലെടുത്തു ഫോട്ടോയെടുത്ത ഫ്ലോറിഡ സ്വദേശി ആഡം ക്രിസ്റ്റ്യൻ ജോൺസൻ (36) എന്നയാളും പൊലീസിന്റെ പിടിയിലായിരുന്നു.

പ്രതിഷേധക്കാരിൽ പലരും ആയുധധാരികളായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വേണ്ടിയായിരുന്നു ഇതെന്നാണ് കരുതുന്നത്. കാപ്പിറ്റോൾ മന്ദിരത്തിനകത്തും പുറത്തുമുള്ളവരുമായി കൃത്യമായ ആശയവിനിമയം നടക്കുന്നുണ്ടായിരുന്നുവെന്നു പ്രോസിക്യൂട്ടർ മൈക്കിൾ ഷെർവിൻ പറയുന്നു. സംഭവത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണവും ആശയവിനിമയവും ഉണ്ടായിരുന്നുവെന്നു സ്പീക്കർ നാൻസി പെലോസിയും ആരോപിച്ചു.

ഇരച്ചെത്തിയ പ്രതിഷേധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതോടെയാണു കലാപത്തിന്റെ തുടക്കം. പിന്നീട് ബാരിക്കേഡുകൾ മറികടന്ന് ഇവർ മുന്നോട്ടു കുതിച്ചു. ജനൽച്ചില്ലുകൾ തകർത്ത് കെട്ടിടത്തിലേക്കു കയറി. പ്രതിഷേധക്കാരിലൊരാൾ പൊലീസിന്റെ റയട്ട് ഷീൽഡ് ഉപയോഗിച്ചാണ് ജനൽച്ചില്ലുകൾ തകർത്തത്. ഇതുവഴിയാണ് പ്രതിഷേധക്കാരിലേറെയും കാപ്പിറ്റോൾ മന്ദിരത്തിലേക്കു കടന്നത്. പുറത്ത് സംഘർഷം നിയന്ത്രണാതീതമായതോടെ സെനറ്റും സഭയും നിർത്തിവച്ച് കോൺഗ്രസ് അംഗങ്ങളെ ഓഫിസുകളിലേക്കും സുരക്ഷാ മുറികളിലേക്കും അടിയന്തരമായി മാറ്റി. പൊലീസ് ഉദ്യോഗസ്ഥരിൽനിന്നു കലാപകാരികൾക്കു സഹായം ലഭിച്ചുവെന്നുതന്നെയാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.