കമലയെ പ്രശംസിച്ച് പ്രിയങ്ക: ‘10 നാളിനകം അമേരിക്ക നല്ല നേതൃത്വത്തിലേക്ക്’

നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ പ്രശംസിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 'ഒരു വനിത, ഒരു ഇന്ത്യൻ വനിത' എന്ന് തുടങ്ങുന്ന പ്രിയങ്കയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കഴിഞ്ഞ ബുധനാഴ്ച ക്യാപിറ്റോളിൽ നടന്ന കലാപത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.

പത്തു ദിവസങ്ങൾക്കകം അമേരിക്ക എങ്ങനെ നല്ല നേതൃത്വത്തിന്‍റെ കീഴിലാകുമെന്നും അതിന് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ വംശജയെക്കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ടെന്നുമാണ് താരം ഇന്‍സ്റ്റഗ്രാമിൽ എഴുതിയത്. വോഗ് മാസികയുടെ പുതിയ ലക്കം മുഖചിത്രമായി കമല വന്നതിലുളള സന്തോഷം പങ്കുവെച്ചവർ ഫോട്ടോയുടെ അപാകത ചൂണ്ടിക്കാണിക്കാനും മറന്നില്ല.

കമല വോഗിന്‍റെ കവർച്ചിത്രമായതിൽ പരിഹസിച്ചവരും ഏറെയുണ്ട്. ഈയവസരത്തിലാണ് അതേ ചിത്രം റീപോസ്റ്റ് ചെയ്ത് പ്രിയങ്ക കമലയെ പ്രശംസിച്ചത്. തകർന്ന അമേരിക്കയെ തിരികെ കൊണ്ടുവരാനുളള മഹത്തരമായ ചുമതലയും ഇപ്പോൾ കമലയ്ക്കുണ്ടെന്നായിരുന്നു മുഖചിത്രത്തിനുളള വോഗിന്‍റെ അടിക്കുറിപ്പ്.