എഴുപത് പ്രക്ഷോഭകാരികള്‍ അറസ്റ്റില്‍; ട്രംപിനെ പ്രതിചേര്‍ക്കാന്‍ സാധ്യത

രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നാലെ സുഗമമായ അധികാര കൈമാറ്റത്തിന് തയാറാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ആക്രമണത്തെ അപലപിച്ച ട്രംപ്,  തിരഞ്ഞെടുപ്പ് ഫലത്തില്‍ വിശ്വസിക്കുന്നിെല്ലന്ന് വ്യക്തമാക്കി. ഇതിനിടെ കലാപത്തിന് പ്രേരണ നല്‍കിയതിന്‍റെ പേരില്‍ പ്രസിഡന്‍റിനെ പുറത്താക്കണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ ശക്തമാക്കി. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അ‍ഞ്ചായി. 

അമേരിക്കന്‍ ജനാധിപത്യത്തെ ലോകത്തിന് മുന്നില്‍ പരിഹാസ്യമാക്കിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ജോ ബൈഡന് അധികാരം കൈമാറാമെന്ന് ഡോണള്‍ഡ് ട്രംപ് വിഡിയോ സന്ദേശത്തില്‍ അറിയിച്ചു. ജനുവരി 20ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.  എന്നാല്‍ 25ാം ഭരണഘടനാ ഭേദഗതി പ്രകാരം ട്രംപിനെ പുറത്താക്കാന്‍ മന്ത്രിസഭ തയാറാകണമെന്നും ഇല്ലെങ്കില്‍ ഇംപീച്ച്മെന്‍റ് നടപടികളിലേക്ക് കടക്കുമെന്നും  ഡെമോക്രാറ്റ് നേതാവ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. 

എന്നാല്‍ പതിമൂന്നു ദിവസം മാത്രം അവശേഷിക്കെയുള്ള  പുറത്താക്കല്‍ നടപടി രാജ്യത്തെ അന്തരീക്ഷം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ എന്നാണ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സടക്കമുള്ള മുതിര്‍ന്ന റിപ്പബ്ലിക്കന്‍മാരുടെ നിലപാട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപ് സര്‍ക്കാരിലെ പല പ്രമുഖരും രാജി പ്രഖ്യാപിച്ചു. എഴുപതോളം പ്രക്ഷോഭകാരികള്‍ ഇതുവരെ അറസ്റ്റിലായി. കലാപത്തിന് ആഹ്വാനം ചെയ്തതിന്‍റെ പേരില്‍ പ്രസിഡന്‍റിനെ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്.