അധ്യാപകരുടെ ശകാരം; ട്രാൻസ്ജെന്റർ ജീവനൊടുക്കി; ഫ്രാന്‍സില്‍ യുവരോഷം

ട്രാൻസ്ജെൻഡർ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധ പ്രകടനത്തിനിറങ്ങി ഫ്രാൻസിലെ കൗമാരക്കാർ. സ്കൂളിൽ സ്കർട്ട് ധരിച്ച് വന്ന ട്രാൻസ്ജെൻഡർ വിദ്യാർഥി അധ്യാപകരുടെ ശകാരത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സഹപാഠിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഫ്രാൻസിലെ ഫെനലിൻ സ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. 

പതിനേഴ് വയസുകാരനായ ഫോഡാണ് ജീവനൊടുക്കിയത്. തന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ ഫോഡ് പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ച് സ്കൂളിലത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ വേഷത്തിൽ ഫോഡിനെ കണ്ട അധ്യാപകർ ഇതിന്റെ പേരിൽ ഫോഡിനെ ശകാരിച്ചു. ഇത്തരത്തിൽ വേഷം ധരിച്ചെത്തുന്ന ഫോ‍ഡ് അധ്യാപകരെയും വിദ്യാർഥികളെയും അസ്വസ്ഥരാക്കുകയാണെന്നാണ് വാദം. അധ്യാപകർ ശകാരിക്കുന്നത് സംഭവം നടക്കുന്നതിനിടെ എടുത്ത വിഡിയോയിൽ വ്യക്തമാകുന്നുണ്ട്. ഇത് കേട്ട് ഫോഡ് കരയുന്നതും വിഡിയോയിലുണ്ട്. ആഫ്രിക്കൻ വംശജനായ ഫോഡിന് വംശപരമായ പേരിലും ധാരാളം അവഗണനകൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് നാളുകളായി വളരെയേറെ സങ്കടത്തിലായിരുന്നു ഫോഡെന്നും സഹപാഠികള്‍ അറിയിച്ചു. 

ട്രാൻസ്ജെന്ററുകളോട് കാണിക്കുന്ന ക്രൂരമായ സമീപനത്തിന് തീർച്ചയായും മാറ്റം വരുത്തണമെന്ന് ഫ്രഞ്ച് മന്ത്രി എലിസബെത്ത് ട്വീറ്റ് ചെയതു. ഫോഡിന്റെ മരണശേഷവും ‘അവൻ’ എന്നാണ് അധികൃതർ ഫോഡിനെ സംബോധന ചെയ്തത്. 

 ഇതിനെതിരെയും സഹപാഠികളായ കുട്ടികൾ പ്രതികരിച്ചു. ഫ്രാൻസിൽ ആയിരക്കണക്കിന് ട്രാൻസ്‍ജെന്റർ വ്യക്തികളുണ്ടെന്നും അവര്‍ക്കെല്ലാം പല ഭാഗങ്ങളിൽ നിന്നായി അവഗണനകൾ നേരിടേണ്ടി വരുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.