വിസ്മയലോകം തീർത്ത പ്രതിഭ; ഇന്ന് വാള്‍ട്ട് ഡിസ്നിയുടെ ജന്മദിനം

കാലം തോറ്റുപിന്‍വാങ്ങിയ അനശ്വര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവ് വാള്‍ട്ട് ഡിസ്നിയുടെ  ജന്മദിനമാണിന്ന്. സ്വപ്നങ്ങളാണ് ജീവിത വിജയത്തിനുള്ള കുറുക്കുവഴിയെന്ന് ലോകത്തെ പഠിപ്പിച്ച മഹാപ്രതിഭ തീര്‍ത്ത വിസ്മയങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. 

ജീവിതത്തില്‍ തുടരെ തിരിച്ചടികളേറ്റ ഒരു മനുഷ്യന്‍ തളര്‍ന്നുപോയിരുന്നുവെങ്കില്‍ ഇവരെ ലോകം കാണില്ലായിരുന്നു. അയാളുടെ കരങ്ങള്‍ പതറിയിരുന്നെങ്കില്‍ തലമുറകളെ രസിപ്പിച്ച ഇവരുടെ രൂപം  പിറവിയെടുക്കില്ലായിരുന്നു. അവഗണനകളുടെ പടുകുഴികളില്‍ പതിച്ചപ്പോഴും തന്റെ  സ്വപ്നങ്ങളെ താലോലിച്ച, അവയെ എത്തിപ്പിടിക്കാന്‍  പ്രതിഭയെ ചവിട്ടുപടിയാക്കിയ വാള്‍ട്ട് ഡിസ്നി. വിഖ്യാത സൃഷ്ടിയായ  മിക്കിയെന്ന എലിമുതല്‍ വിസ്മയങ്ങളുടെ ചെപ്പുതുറക്കുന്ന  ഡിസ്നി വേള്‍ഡ് വരെ പിറവിയെടുത്തതും വാള്‍ട്ടിന്റെ സ്വപ്നങ്ങളില്‍ നിന്നാണ്. വരകള്‍ക്ക് ജീവന്‍ പകരുന്ന അനിമേഷന്‍ സാങ്കേതികവിദ്യയെ ജനകീയമാക്കിയ അതുല്യപ്രതിഭ. എണ്ണമറ്റ സ്വന്തം കഥാപാത്രങ്ങള്‍ക്കൊപ്പം സിന്‍ഡ്രലയും, സ്ലീപ്പിങ് ബ്യൂട്ടിയും, സ്നോവൈറ്റും ഡിസ്നിയിലൂടെ തിരശീലതൊട്ടു. 59 ഒാസ്കാര്‍ നോമിനേഷന്‍, 22 അകാദമി അവാര്‍ഡുകള്‍.. സിനിമാലോകം കാര്‍ട്ടുണുകളിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു വാള്‍ട്ട് ഡിസ്നി. ഏറ്റവും കൂടുതല്‍ അകാദമി അവാര്‍ഡുകള്‍ ലഭിച്ച റെക്കോര്‍ഡ് ഇന്നും ഡിസ്നിക്ക് സ്വന്തം. 

  1901ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ജനനം. അഞ്ചാം വയസില്‍ വരകളുടെ ലോകത്ത്. ജീവിതത്തിലെ കഠിനപാതകള്‍ താണ്ടി  ആനിമേഷന്‍ രംഗത്തെത്തി. പിന്നെ അതിന്റെ ആഗോള മേല്‍വിലാസമായി. സിനിമാനിര്‍മാണം, സംവിധാനം, ശബ്ദം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം കുലപതിയായി വളര്‍ന്നു. വാള്‍ട്ട് ഡിസ്നിയെന്ന അതുല്യപ്രതിഭ സിനിമാ–കാര്‍ട്ടൂണ്‍ രംഗത്തും ആനിമേഷന്‍ ലോകത്തിനും നല്‍കിയ സംഭാവനകള്‍ കാലദേശപ്രായപരിധികളില്ലാതെ ഇന്നും ലോകം സ്വീകരിക്കുന്നു, ഉദാഹരണങ്ങളാക്കുന്നു.