അമേരിക്കയില്‍ ഗൂഗിളിന് കുരുക്ക് ; മേധാവിത്വം ദുരുപയോഗം ചെയ്യുന്നു

 ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കേസ് എടുത്തു. ഇന്‍റര്‍നെറ്റ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള കുത്തക മേധാവിത്വം എതിരാളികള്‍ക്കും, ഉപയോക്താക്കള്‍ക്കുമെതിരെ ദോഷകരമായ രീതിയില്‍ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് കേസ്. ആല്‍ഫബെറ്റിന് കീഴിലുള്ള ഗൂഗിള്‍ നേരിടുന്ന ആദ്യത്തെ ആന്‍റി ട്രസ്റ്റ് കേസാണ് ഇത്.

യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ്, അമേരിക്കന്‍ കോണ്‍ഗ്രസ്, യുഎസ് സ്റ്റേറ്റ് അറ്റോര്‍ണിമാര്‍, ഫെഡറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളുടെഅടിസ്ഥാനത്തിലാണ് നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഗൂഗിളിന്‍റെ ഓണ്‍ലൈന്‍ പരസ്യമേഖലയിലെ ഇടപെടലുകളടക്കം അന്വേഷണത്തിന്‍റെ ഭാഗമായി എന്നാണ് റിപ്പോര്‍ട്ട്. 

ഗൂഗിളിന് എതിരായി ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടി ഗൂഗിളില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇത് ഇന്നത്തെ ടെക് ഭീമന്മാര്‍ക്കെതിരെ വരാന്‍ ഇരിക്കുന്ന നടപടികളുടെ തുടക്കമാകാം എന്നാണ് വിലയിരുത്തല്‍. അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ആണ് ഈ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 11 സംസ്ഥാനങ്ങള്‍ ഈ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഗൂഗിളും രംഗത്തെത്തി. എതിരാളികൾക്കെതിരെ ഇടപെടൽ നടത്തുകയോ തടസമാകുകയോ ചെയ്യുന്നില്ലെന്ന് ഗൂഗിൾ പ്രതികരിച്ചു.

കേസ് ഗൂഗിളിന് തലവേദന ആയേക്കാനാണ് സാധ്യത. യുഎസ് നീതിന്യായ വിഭാഗവുമായി ധാരണയിലെത്താനാകും ഗൂഗിൾ ശ്രമിക്കുക. ഇല്ലെങ്കിൽ ഇത് കോടതിയില്‍  വളരെക്കാലം നീണ്ടു നിൽക്കാനും സാധ്യതയുണ്ട്. എങ്കിലും ഗൂഗിളിന് മുകളിലുള്ള നിരീക്ഷണക്കണ്ണുകള്‍ അടുത്തകാലത്തൊന്നും നീങ്ങില്ല എന്ന് വ്യക്തം.