‘കബാബ് കഴിച്ചത് 2 മണിക്കൂറെടുത്ത്; ചാവേർ വന്നതു കണ്ടില്ല;’ പൊലീസ് ഉദ്യോഗസ്ഥ

 ബ്രിട്ടനെ ഞെട്ടിച്ച മാഞ്ചസ്റ്റർ അരീന ബോംബ് സ്ഫോടനം നടന്ന ദിവസം ജോലിക്കിടയിൽനിന്നു ഭക്ഷണം കഴിക്കാനായി രണ്ടു മണിക്കൂർ പോയതായി സമ്മതിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ. സ്ഫോടനക്കേസിന്റെ വിചാരണ വേളയിലാണു പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ. 

വിക്ടോറിയ ട്രെയിൻ സ്റ്റേഷനിൽനിന്ന് അരീനയിലേക്ക് ചാവേർ സൽമാൻ അബേദി വന്നത് കണ്ടിരുന്നില്ലെന്നും ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസ്  ഉദ്യോഗസ്ഥ ജെസ്സിക്ക ബുല്ലൗ സമ്മതിച്ചു. കണ്ടിരുന്നെങ്കിൽ അബേദിയുടെ ബാഗിൽ എന്താണ് എന്ന് അന്വേഷിച്ചിരുന്നേനെയെന്നും അവർ പറഞ്ഞു.

യുഎസ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടിക്കുശേഷം മടങ്ങിയവരെയാണ് മാഞ്ചസ്റ്റർ അരീനയിലെ സ്ഫോടനത്തിലൂടെ അബേദി ലക്ഷ്യമിട്ടത്. 2017 മേയ് 22നായിരുന്നു സ്ഫോടനം. 22 പേർ കൊല്ലപ്പെട്ടു. അന്വേഷണത്തിൽ 22കാരനായ അബേദിയെ തടയാനായി ഒരു പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ലെന്നു വ്യക്തമായിരുന്നു.

കബാബ് വാങ്ങാനായി 2 മണിക്കൂർ 9 മിനിറ്റാണ് ബുല്ലൗ എടുത്തതെന്ന് കോടതി വാദങ്ങളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സമയത്താണ് അബേദി കടന്നുപോയത്. 50 മിനിറ്റു മുതൽ പരമാവധി ഒരു മണിക്കൂർ വരെ മാത്രമേ ഉച്ചഭക്ഷണത്തിന് താൻ സമയം എടുക്കാമായിരുന്നുള്ളൂ. സൂപ്പർവൈസർ ഉണ്ടായിരുന്നെങ്കിൽ ഇത്രയും സമയം എടുത്തേക്കില്ലായിരുന്നു.

സഹപ്രവർത്തകൻ മാർക്ക് റെൻഷായ്ക്കൊപ്പം അരമണിക്കൂർ വാഹനമോടിച്ചു പോയാണ് കബാബ് വാങ്ങിയത്. പിന്നീട് നോർത്തേൺ റെയിൽ ഓഫിസിൽ ഇരുന്നാണ് കഴിച്ചത്. ഇപ്പോൾ ആലോചിക്കുമ്പോൾ അത് അംഗീകരിക്കാനാകാത്തതാണെന്നും അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി അവർ പറഞ്ഞു. സ്ഫോടനത്തിനുശേഷം ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുത്തതു ബുല്ലൗ ആയിരുന്നു.