തിര‍ഞ്ഞെടുപ്പ് ചര്‍ച്ചയിൽ ചോദ്യങ്ങൾ ആവർത്തിച്ച് അവതാരക; ഒഴിഞ്ഞുമാറി ട്രംപ്

അമേരിക്കന്‍ മാധ്യമ സ്ഥാപനമായ എന്‍.ബി.സി. സംഘടിപ്പിച്ച തിര‍ഞ്ഞെടുപ്പ് ചര്‍ച്ചയില്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ട്രംപ്. ഗര്‍ഭഛിദ്ര വിഷയത്തില്‍  ട്രംപിന്റെയും അദ്ദേഹത്തിന്റെ സുപ്രീം കോടതി നോമിനിയുടെയും നിലപാടുകളെ പറ്റി  അവതാരക ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

ഇന്നലെ മിയാമിയില്‍ NBC സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ചര്‍ച്ചാ വേദിയിലാണ് പ്രസിഡന്റിനു മുന്നില്‍ ഗര്‍ഭഛിദ്രം വീണ്ടും ചര്‍ച്ചയായത്. അവതാരക സവാന്ന ഗത്രിയുടെ നേരിട്ടുള്ള ചോദ്യം ഇതായിരുന്നു. Roe v.Wade കേസിനുമേലുണ്ടായ ഗര്‍ഭഛിദ്രാവകാശ നിയമത്തെ താങ്കളുടെ സുപ്രീം കോടതി ജഡ്ജ് നോമിനി എങ്ങനെ നടപ്പാക്കുമെന്നാണ് കരുതുന്നത്. ട്രംപിന്റെ മറുപടി പക്ഷെ കൃത്യതയാര്‍ന്നതല്ലായിരുന്നു. എമി ബാരറ്റിനോട് അതേപറ്റി സംസാരിക്കുകയോ തന്റെ അഭിപ്രായം അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് ട്രംപ് പറഞ്ഞു. 

എന്നാല്‍ അവതാരക സവാന്ന പിന്‍വാങ്ങിയില്ല. താങ്കളുടെ പക്ഷത്തുള്ളവരേറെയും pro- life REPUBLICANS ആണ്  എന്നതുകൊണ്ട്തന്നെ അവരുടെ നിലപാടുകള്‍ ഇപ്പോഴത്തെ നിയമപിന്‍ബലത്തെ ഇല്ലാതാക്കുന്നതാകും എന്ന് താങ്കള്‍ കാണുന്നുണ്ടോ എന്നായി സവാന്ന. അവിടേയും ട്രംപിന്റേത് നേരേയുള്ള മറുപടിയായിരുന്നില്ല. തന്റെ മറുപടി എമി ബാരറ്റിനോടുള്ള സൂചനകളാണ് എന്ന വരുത്താനാണ് സവാന്നയുടെയും മാധ്യമത്തിന്റേയും ശ്രമമെന്നും അതിനുള്ള മറുപടി തന്റെ പക്കലില്ലെന്നും ട്രംപ് പറഞ്ഞു. എമി ബാരറ്റ് തിരഞ്ഞെടുക്കപ്പെടട്ടെ ,പിന്നീടവര്‍ ശരിയായ നിയമവും ,ജനങ്ങളുടെ അഭിലാഷവും നടപ്പാക്കട്ടെ എന്നായിരുന്നു ഉത്തരം. ട്രംപിന് കോവിഡ് ബാധിച്ചതിനാല്‍ തിരഞ്ഞെടുപ്പ് സംവാദങ്ങള്‍ പലതും ഉപേക്ഷിച്ചിരുന്നു.  ABC ചാനല്‍ ഫിലഡല്‍ഫിയയില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പങ്കെടുത്തത്. ഈ മാസം 22ന് ടെന്നെസ്സിയിലാണ് ഇരുവരുമൊന്നിച്ചുള്ള സംവാദം നിശ്ചയിച്ചിരിക്കുന്നത്.