ട്രംപിന്‍റെ രോഗം നിസാരമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; ആശങ്കയുയർത്തി കാർയാത്ര

കോവിഡ് ബാധിതനായ  യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ രോഗം നിസാരമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ ആരോഗ്യവാനാണെന്ന പ്രതീതി സൃഷ്ടിച്ച പ്രസിഡന്‍റ് അനുയായികള്‍ക്കിടയിലൂടെ വാഹനത്തില്‍ പ്രകടനം നടത്തി. കോവിഡിനെക്കുറിച്ച്  താന്‍ നന്നായി പഠിച്ചെന്ന്  അദ്ദേഹം ട്വിറ്ററില്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

എഴുപത്തിനാലുകാരനായ പ്രസിഡന്‍റിന്‍റെ ഓക്സിജന്‍റെ അളവ് താഴുന്നതാണ് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നത്.  രണ്ടുദിവസത്തിനിടെ രണ്ടു തവണ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ട്രംപിന് സ്റ്റിറോയിഡുകള്‍ നല്‍കിത്തുടങ്ങി.  രോഗം  മൂര്‍ഛിക്കുന്നവര്‍ക്കാണ് ഇത്തരം ചികില്‍സ നല്‍കാറുള്ളത്.  എുന്നാല്‍ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ ആരോഗ്യവാനാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിന്‍റെ ഭാഗമായായി ആയിരുന്നു സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരെ കൂടെയിരുത്തിയുള്ള ഈ സാഹസം. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും രോഗം പടരാനുള്ള സാധ്യതയാണ് പ്രസിഡന്‍റ് സൃഷ്ടിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു.  കോവിഡിനെക്കുറിച്ചുള്ള മികച്ച അനുഭവപാഠം ലഭിച്ചെന്ന് തൊട്ടുപിന്നാലെ ട്രംപ് ട്വീറ്റ് ചെയ്തു