ആത്മവിശ്വാസത്താൽ ലോകം നേടിയവൾ; ഇന്ന് വേള്‍ഡ് റോസ് ഡേ

ഇന്ന് വേള്‍ഡ് റോസ് ഡേ. അത്യപൂര്‍വ്വമായി മാത്രം ബാധിക്കുന്ന ആസ്കിന്‍സ് ട്യൂമര്‍ ബാധിച്ച് പന്ത്രണ്ടാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞ മെലിന്റ റോസ് എന്ന കൊച്ചുപെണ്‍കുട്ടി ലോകത്തിനായ് പങ്കുവെച്ച ശുഭപ്രതീക്ഷകള്‍ പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 

ഇതാണ് മെലിന്റ റോസ്  എന്ന കനേഡിയന്‍ പെണ്‍കുട്ടി.ലോകത്തിന്റെ മായാകാഴ്ചകളെല്ലാം പന്ത്രണ്ടു വയസു വരെ ആസ്വദിക്കാനേ അവള്‍ക്ക് കഴിഞ്ഞുള്ളൂ. മാലാഖയേപ്പോലെ തുള്ളിച്ചാടി നടന്നിരുന്നവള്‍. പഠിപ്പിലും കലയിലും പെരുമാറ്റത്തിലുമെല്ലാം മെലിന്റ മാതൃകയായിരുന്നു. ഉല്‍സാഹത്തിന്റെ മറുവാക്കായി പാറി നടന്ന കാലാത്താണ് അപ്രതീക്ഷിതമായി ഒരുനാള്‍ അവള്‍ കുഴഞ്ഞുവീണത്. പരിശോധനയുടെ ഫലം മെലിന്റയുടെ മാതാപിതാക്കളെ 

ഞെട്ടിക്കുന്നതായിരുന്നു. അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ആസ്കിന്‍സ് ട്യൂമര്‍  എന്ന ക്യാന്‍സറാണ് തങ്ങളുടെ മകള്‍ക്ക് എന്ന സത്യം അവരെ തളര്‍ത്തിക്കളഞ്ഞു.ഡോക്ടര്‍മാര്‍ മെലിന്റക്ക് വിധിച്ചത് 2 ആഴ്ചത്തെ ആയുസ്സായിരുന്നു. നട്ടെല്ലില്‍ ഉണ്ടായിരുന്ന ഒരു മുഴയായിരുന്നു പ്രശ്നം. അത് നീക്കം ചെയ്തു എങ്കിലും ക്യാന്‍സര്‍ നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. എന്നും സ്വന്തം കട്ടിലില്‍ ഇഷ്ടപ്പെട്ട പുതപ്പില്‍ ഉറങ്ങാനിഷ്ടപ്പെട്ടിരുന്ന അവള്‍ നീണ്ട 

ആശുപത്രിവാസത്തിലായി. ആഴ്ചകള്‍ നീണ്ട ചികില്‍സയും മരുന്നുകളും. നട്ടെല്ലു തുളച്ചുകയറുന്ന വേദനയെ അവള്‍ പുഞ്ചിരി കൊണ്ട് കീഴടക്കി. ആത്മവിശ്വാസം കൊണ്ട് ആയുസ് നീട്ടിയെടുത്ത് ഒരുക്കൊല്ലക്കാലം പിന്നേയും അവള്‍ ജീവിച്ചു. മരുന്നുകള്‍ ഫലം കാണില്ല എന്നുറപ്പിച്ച ഒരു ഘട്ടം മുതല്‍ 

ആശുപത്രി വിട്ട് മെലിന്റ പാലിയേറ്റീവ് സെന്ററിലേക്ക് മാറി. പിന്നീടുള്ള കാലം മുഴുവനും അവള്‍ ചിലവിട്ടത് ലോകത്തിന് സാന്ത്വനമാവാനാണ്. ക്യാന്‍സറെന്ന മഹാവ്യാധിയില്‍ തളര്‍നന്ുപോയവര്‍ക്ക് അവള്‍ വാക്കുകള്‍ കൊണ്ട് പ്രചോദനമായി. നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത പലര്‍ക്കും അവള്‍ ഈമെയിലുകള്‍ വഴി സന്ദേശങ്ങള്‍ അയച്ചു. മുന്നില്‍ കാണുന്ന രോഗികളോട്  ജീവിതത്തേപ്പറ്റി പ്രതീക്ഷയോടെ പറഞ്ഞുകൊണ്ടേയിരുന്നു. 1995ലെ സെപ്റ്റംബര്‍ അവളെ 

സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകും വരെ മെലിന്റ ക്യാന്‍സര്‍ രോഗികളുടെ പ്രതീക്ഷയുടെ പ്രതീകമായിരുന്നു. പൊരുതാനുള്ള മനസും ഒപ്പം നില്‍ക്കാനുള്ള കെല്‍പ്പുമാണ് ക്യാന്‍സറിനെ നേരിടാനുള്ള ആയുധമെന്ന മെലിന്റ റോസിന്റെ സന്ദേശം ലോകത്തിന് പകരാനാണ് വര്‍ഷംതോറും സെപ്റ്റംബര്‍22 WEorld Rose Day എന്ന പേരില്‍ ഒാര്‍ക്കുന്നത്. ആവാത്ത കാര്യങ്ങളോര്‍ത്ത് കരയുകയല്ല പകരം ശ്വാസം നിലക്കും വരെ ചെയ്യാവുന്നതെല്ലാം ചെയ്യൂ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് ഒരു പനിനീര്‍പ്പൂ കൊഴിയുംപോലെ മെലിന്റ റോസ് നമ്മെ വിട്ട്പോയത്.